
കൊക്കെയ്ന്‍ കേസ്: നടൻ ഷൈൻ ടോം ചാക്കോയേയും മോഡലുകളേയും വെറുതെവിട്ടു
മയക്കുമരുന്നായ കൊക്കെയ്ന്‍ ഉപയോഗിച്ചുവെന്ന കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുത വിട്ടു. എറണാകളും അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഷൈനിനേയും കൂട്ടുപ്രതികളായ മോഡലുകളേയും വെറുതെ വിട്ടത്. രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്‌നേഹ ബാബു എന്നീ മോഡലുകളാണ് ഈ കേസില്‍ ഷൈനിനൊപ്പം അറസ്റ്റിലായത്.
ഈ കേസില്‍ ആകെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴാം പ്രതിയൊഴികെയുള്ള എല്ലാവരേയും കോടതി വെറുതെ വിട്ടു.
സംസ്ഥാനത്ത് കൊക്കെയ്ന്‍ സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസും ഇതായിരുന്നു.
2015 ജനുവരി 30ന് എറണാകുളത്തെ കടവന്ത്രയിലെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയപ്പോള്‍ ഷൈനും മോഡലുകളും ഉള്‍പ്പെടെ അഞ്ചുപേരെ കൊക്കെയ്ന്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് പൊലീസ് പിടികൂടിയെന്നാണ് കേസ്.
പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ അവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നായിരുന്നു ആരോപണം.
2018 ഒക്ടോബറില്‍ കേസിന്റെ വിചാരണ ആരംഭിച്ചു. അഡ്വ രാമന്‍പിള്ളയാണ് ഷൈനിനും കൂട്ടുപ്രതികള്‍ക്കും വേണ്ടി കോടതിയില്‍ ഹാജരായത്.