കൊച്ചിന്‍ ഷിപ് യാർഡിന്റെ സീറോ എമിഷന്‍ കപ്പല്‍ പദ്ധതിക്ക് തുടക്കമായി
ഇന്ത്യയിലെ പ്രമുഖ കപ്പല്‍ നിര്‍മ്മാതാക്കളായ കൊച്ചിന്‍ ഷിപ് യാർഡ് ലിമിറ്റഡ് (സിഎസ്എല്‍), നെതര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ സാംസ്‌കിപ്പിന് വേണ്ടി നിര്‍മ്മിക്കുന്ന രണ്ട് സീറോ എമിഷന്‍ ഫീഡര്‍ കണ്ടെയ്‌നര്‍ കപ്പലുകളില്‍ ആദ്യ കപ്പലിന്റെ സ്റ്റീല്‍ കട്ടിംഗ് നടന്നു. സാംസ്‌കിപ്പിന്റെ റോട്ടര്‍ഡാമിലെ ആസ്ഥാനത്ത് നടന്ന സുസ്ഥിരതാ ദിനാചരണത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്. മൊത്തം 550 കോടി രൂപയുടെ പദ്ധതിയാണിത്, ആദ്യ കപ്പലിന്റെ പണി 2025 അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ സീറോ എമിഷന്‍ ഫീഡര്‍ കണ്ടെയ്‌നര്‍ വെസ്സലുകളില്‍ ഒന്നാണ് ഈ സീ ഷട്ടില്‍ പദ്ധതി. നോര്‍വീജിയന്‍ ഗവണ്‍മെന്റിന്റെ ഗ്രീന്‍ ഫണ്ടിംഗ് പ്രോഗ്രാമിന് കീഴിലുള്ള പദ്ധതിയാണിത്. സീറോ എമിഷന്‍ മോഡില്‍, പ്രതിവര്‍ഷം 25,000 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ബഹിര്‍ഗമനം കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യാ ഗവണ്‍മെന്റിന്റെ ഹരിത ഹൈഡ്രജന്‍ ദൗത്യത്തിന് അനുസൃതമായി, കൊച്ചിന്‍ ഷിപ് യാർഡ് ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ തദ്ദേശീയ ഹൈഡ്രജന്‍ ഇന്ധന സെല്‍ കാറ്റമരന്‍ ഫെറി കപ്പലും വികസിപ്പിച്ചെടുത്തു. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഫ്ളാഗ് ഓഫ് ചെയ്തു. ഹരിത സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന വിവിധ ആഭ്യന്തര, അന്തര്‍ദേശീയ പദ്ധതികളിലും ഷിപ്പ്യാര്‍ഡ് ഭാഗമാകുന്നുണ്ട്.
ഈ പദ്ധതികള്‍ മറൈന്‍ ആപ്ലിക്കേഷനില്‍ ഹൈഡ്രജന്‍ ഉപയോഗിക്കുന്നതിന് പ്രചോദനമാകുന്നു. കൂടാതെ ഹൈഡ്രജന്‍ ഇന്ധന സെല്‍ സാങ്കേതികവിദ്യയിലൂടെ സമുദ്ര മേഖലയില്‍ ആഗോള നേട്ടവും കൈവരിക്കാന്‍ കഴിയും. അത്യാധുനിക സാങ്കേതികവിദ്യകളിലൂടെ സുസ്ഥിര ഗതാഗത വികസനത്തില്‍ പങ്കാളികളാകാനുള്ള ശ്രമത്തിലാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്.