
വെളിച്ചെണ്ണ ഭക്ഷ്യയോഗ്യം; നികുതി ഇളവിനും യോഗ്യം: സുപ്രീംകോടതി
വെളിച്ചെണ്ണ ഭക്ഷണം പാചകം ചെയ്യാന്‍ ഉള്ളതാണോ അതോ തലമുടിയില്‍ തേയ്ക്കാന്‍ ഉള്ളതാണോയെന്ന ചോദ്യത്തിന് ഒടുവില്‍ സുപ്രീംകോടതിയുടെ മറുപടി. വെളിച്ചെണ്ണയെ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നികുതി ചുമത്തും എന്ന സംശയമാണ് ഈ ചോദ്യത്തിന് കാരണമായത്. 15 വര്‍ഷമായി സുപ്രീംകോടതിയുടെ മുന്നിലുള്ള ചോദ്യമായിരുന്നു ഇത്. 2009ല്‍ ജിഎസ്ടിയുടെ പൂര്‍വകാലത്താണ് ഈ പ്രശ്‌നം ഉദിച്ചത്. ചെറിയ പാക്കറ്റിലുള്ള വെളിച്ചെണ്ണയെ ഭക്ഷ്യവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കോടതി വിധിച്ചു. എന്നാല്‍, തലമുടിയില്‍ തേയ്ക്കാനുള്ളതെന്ന് നിര്‍മ്മാതാവ് പാക്കറ്റില്‍ രേഖപ്പെടുത്തിയാല്‍ അത് ഭക്ഷ്യവിഭാഗത്തിന്റെ നികുതി പരിധിയില്‍ വരില്ല. പാചകത്തിനുള്ള എണ്ണയ്ക്ക് 5 ശതമാനമാണ് ജിഎസ്ടി. അതേസമയം, തലമുടിയില്‍ തേയ്ക്കാനുള്ളതിന് 18 ശതമാനം ജിഎസ്ടി ഈടാക്കും.
പാചകത്തിനും സൗന്ദര്യവര്‍ദ്ധക ഉപയോഗത്തിനുമുള്ള എണ്ണയെ എങ്ങനെ വര്‍ഗീകരിക്കുമെന്നതായിരുന്നു ചോദ്യം. കൂടാതെ, എണ്ണ സൂക്ഷിക്കുന്ന കണ്ടെയ്‌നറിന്റെ വലിപ്പം എണ്ണയുടെ ഉപയോഗലക്ഷ്യം തീരുമാനിക്കുമോയെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ചെറിയ പാക്കറ്റുകളിലെ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് തലയില്‍ തേയ്ക്കാന്‍ ആണെന്ന വാദമാണ് നികുതി വകുപ്പ് ഉയര്‍ത്തിയത്. അതിന് ബലമായി അവര്‍ മാര്‍ക്കറ്റ് സര്‍വേകളും ചൂണ്ടിക്കാണിച്ചു. പാക്കേജിങ്, മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഉപയോഗത്തെ തീരുമാനിക്കുമെന്നും അതിനാല്‍ തലമുടിയില്‍ തേയ്ക്കാനുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുത്തി 18 ശതമാനം ജിഎസ്ടി ഈടാക്കണമെന്നും അവര്‍ വാദിച്ചു.
എന്നാല്‍ പാക്കേജിങ്ങിനുപരി വെളിച്ചെണ്ണ അടിസ്ഥാനപരമായ ഒരു ഭക്ഷ്യയോഗ്യമായ ഉല്‍പന്നം ആണെന്ന് നിര്‍മ്മാതാക്കള്‍ വാദിച്ചു. ദീര്‍ഘകാലമായി ഈ രീതിയിലാണ് കേന്ദ്ര എക്‌സൈസ് താരിഫ് നിയമത്തില്‍ പറയുന്നതെന്നും വെളിച്ചെണ്ണയുടെ ഇരട്ടസ്വഭാവം മൂലം ഉയര്‍ന്ന നികുതി ഈടാക്കാന്‍ പാടില്ലെന്നും അവര്‍ വാദിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി വി സഞ്ജയ് കുമാര്‍, ആര്‍ മാധവന്‍ എന്നിവരടങ്ങിയ ബെഞ്ച് നികുതി വകുപ്പിന്റെ വാദങ്ങള്‍ തള്ളി.