
കോട്ടയം മെഡിക്കൽ കോളേജ് അപകടം കളക്ടർ അന്വേഷിക്കും
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണമടഞ്ഞ ബിന്ദുവിൻ്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. മക്കളും, ഭർത്താവിനും മറ്റുള്ള ബന്ധുക്കൾക്കുമൊപ്പം ബിന്ദുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാട്ടുകാരും വീട്ടിൽ എത്തി. മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ബിന്ദു മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങി വരാനിരിക്കെയാണ് അപകടം ഉണ്ടായത്.
അപകടത്തെ പറ്റി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പും നടത്തും. അതിവേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് സർക്കാർ കളക്ടർക്ക് നൽകിയ നിർദേശം. രക്ഷാപ്രവർത്തനത്തിലുണ്ടായ കാലതാമസം അടക്കം കളക്ടറുടെ സംഘം അന്വേഷിക്കും.
മെഡിക്കൽ കോളേജിലെ അപകടവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണ ജോർജിനും, മെഡിക്കൽ കോളേജ് അധികൃതർക്കും എതിരെ വിമർശനം ശക്തമാവുകയാണ്. കെട്ടിടത്തിന് പഞ്ചായത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് അരുൺ കെ. ഫിലിപ്പ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാലങ്ങളായി മെഡിക്കൽ കോളേജ് സംബന്ധിച്ച കാര്യങ്ങളിൽ അധികൃതർ പഞ്ചായത്തുമായി സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


