REPRESENTATIONAL IMAGE: PTI
തെലങ്കാന, കേരള ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്ത് കൊളീജിയം
തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വെങ്കിട്ടനാരായണ ഭട്ടി എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളീജിയം ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയമാണ് കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയത്. ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരാണ് കൊളീജിയത്തിലെ മറ്റ് അംഗങ്ങൾ.
2011 ഒക്ടോബർ 17 നാണ് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ ഗുവാഹത്തി ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനാകുന്നത്. കഴിഞ്ഞ വർഷം ജൂൺ 28 മുതൽ തെലങ്കാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിക്കുകയാണ് അദ്ദേഹം. ഹൈക്കോടതി ജഡ്ജിയായി ദീർഘകാലം പ്രവർത്തിച്ച ജസ്റ്റിസ് ഭുയാൻ നിയമത്തിന്റെ വിവിധ മേഖലകളിൽ അനുഭവ പരിജ്ഞാനം നേടിയ വ്യക്തിയാണ്. ബോംബെ ഹൈക്കോടതി ജഡ്ജിയായും ജസ്റ്റിസ് ഭുയാൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സത്യസന്ധതയ്ക്കും കഴിവിനും പേരുകേട്ട ജഡ്ജിയാണ് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്ന് കൊളീജിയം അഭിപ്രായപ്പെട്ടു.
2013 ഏപ്രിൽ 12 ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലാണ് ജസ്റ്റിസ് ഭട്ടി ജഡ്ജിയായി നിയമിതനാകുന്നത്. 2019 മുതൽ കേരള ഹൈക്കോടതിയിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 2023 ജൂൺ 1 നാണ് ചീഫ് ജസ്റ്റിസ് ആയത്. അദ്ദേഹത്തിന്റെ വിധിന്യായങ്ങൾ നിയമപരമായ വിവേകത്തിനും യോഗ്യതയ്ക്കും സാക്ഷ്യംവഹിക്കുന്നതാണെന്ന് കൊളീജിയം അഭിപ്രായപ്പെട്ടു.
സുപ്രീം കോടതിയിൽ നിലവിലെ ജുഡീഷ്യൽ അംഗങ്ങളായുള്ളത് 31 ജഡ്ജിമാരാണ്. 34 ജഡ്ജിമാരെ വരെ നിയമിക്കാം. ജൂലൈ 8 ന് ജസ്റ്റിസ് കൃഷ്ണ മുരാരി വിരമിക്കുന്നതോടെ സുപ്രീം കോടതിയിലെ ജുഡീഷ്യൽ ഒഴിവുകൾ വർധിക്കും. നിലവിൽ 15 ബെഞ്ചുകൾ എല്ലാ ദിവസവും സുപ്രീം കോടതിയിൽ പ്രവർത്തിക്കുന്നുണ്ട്.
കൊളീജിയം എന്ന സംവിധാനം
രാജ്യത്തെ സുപ്രീം കോടതികളിലെയും ഹൈക്കോടതികളിലെയും ന്യായാധിപന്മാരെ നിയമിക്കുന്നത് കൊളീജിയം എന്ന സംവിധാനത്തിലൂടെയാണ്. സുപ്രീം കോടതിയുമായി കൂടിയാലോചന നടത്തിയതിന് ശേഷം മാത്രമാണ് നിയമനം. ഈ കൂടിയാലോചന എന്നത് ധാരാളം നിയമചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുള്ളതാണ്.
നിയമനങ്ങൾക്കായി സുപ്രീം കോടതി കേന്ദ്ര ഗവണ്മെന്റിനു സമർപ്പിക്കുന്ന ജഡ്ജിമാരുടെ പാനൽ, രാഷ്ട്രപതിയുടെ പരിഗണനക്ക് സമർപ്പിക്കേണ്ടതില്ല എന്ന് 1981 ലെ ഫസ്റ്റ് ജഡ്ജസ് കേസ് എന്നറിയപ്പെടുന്ന കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ 1993 ലെ സെക്കന്റ് ജഡ്ജസ് കേസിൽ സുപ്രീം കോടതി വ്യത്യസ്തമായ വിധിയാണ് പുറപ്പെടുവിച്ചത്, സുപ്രീംകോടതി നിർദ്ദേശിക്കുന്ന പേരുകൾ അതുപോലെ സ്വീകരിച്ചേ മതിയാകു, അതിൽ ഗവണ്മെന്റിനു മാറ്റം കൊണ്ടുവരാൻ സാധിക്കുകയില്ല എന്നാണ് കോടതി അന്ന് പറഞ്ഞിരുന്നത്. കൂടാതെ ജഡ്ജിമാരുടെ നിയമന കാര്യങ്ങളിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസും രണ്ട് മുതിർന്ന ജഡ്ജിമാരും അടങ്ങുന്ന ഒരു കോളീജിയം രൂപീകരിക്കുകയും, കൊളീജിയം തീരുമാനിക്കുന്ന ജഡ്ജിമാരെ കേന്ദ്രഗവണ്മെന്റിന് നിരാകരിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി.
1998 ലെ രാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണൻ സുപ്രീം കോടതിയോട് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടതാണ് തേർഡ് ജഡ്ജസ് കേസ്. ഇതിൽ കൊളീജിയം എന്നത് ചീഫ് ജസ്റ്റിസും നാല് സീനിയർ ജഡ്ജസും അടങ്ങുന്ന ഒരു സമിതി ആക്കുകയും, കൊളീജിയം സമർപ്പിക്കുന്ന ജഡ്ജസ് പാനലിൽ കേന്ദ്ര ഗവണ്മെന്റിനു വിയോജിപ്പ് ഉണ്ടെങ്കിൽ കോളീജിയത്തിന് ആ പേരുകൾ പുനഃപരിശോധനക്കായി തിരിച്ചയക്കാമെന്നൊരു വ്യവസ്ഥയും ചേർക്കുകയായിരുന്നു. എന്നാൽ കൊളീജിയത്തിന് ആദ്യം നിർദ്ദേശിച്ച പേരുകൾ തന്നെ വീണ്ടും കേന്ദ്ര ഗവണ്മെന്റിനു സമർപ്പിക്കാവുന്നതാണ്. ഇതിനെ തുടർന്നാണ് 2014 ഇൽ 99-ാം ഭരണഘടനാ ഭേദഗതി പാർലമെന്റ് പാസാക്കുന്നത്. ഈ ഭേദഗതി പ്രകാരം രാജ്യത്തെ കൊളീജിയം സിസ്റ്റത്തിന് പകരം നാഷണൽ ജുഡീഷ്യൽ അപ്പോയിൻമെന്റ് കമ്മീഷൻ (NJAC) രൂപീകരിക്കുകയുമാണ് ഉണ്ടായത്. ആറ് അംഗങ്ങൾ അടങ്ങുന്ന ഒരു സമിതിയാണ് അന്നത്തെ ഗവണ്മെന്റ് NJAC ക്ക് വേണ്ടി പ്രപ്പോസ് ചെയ്തത്. അതിൽ സുപ്രീം കോടതി ചീഫ്ജസ്റ്റിസ്, സുപ്രീം കോടതിയിലെ മുതിർന്ന രണ്ട് ജഡ്ജിമാർ, കേന്ദ്രത്തിലെ നിയമവകുപ്പ് മന്ത്രി എന്നിവരും, ബാക്കിവരുന്ന രണ്ട് അംഗങ്ങളെ നിയമിക്കുന്നതിനായി സുപ്രീം കോടതി ചീഫ്ജസ്റ്റിസ്, പ്രധാനമന്ത്രി, ലോകസഭയിലെ പ്രതിപക്ഷനേതാവ് എന്നിവരെ ഉൾപ്പെടുത്തി സമാന്തരമായി ഒരു കമ്മിറ്റി കൂടി രൂപീകരിക്കാനും തീരുമാനിച്ചു. എന്നാൽ സുപ്രീം കോടതി ഈ നിയമത്തെ ഭരണഘടന വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി റദ്ദ് ചെയ്യുകയും പഴയ കൊളീജിയം സിസ്റ്റം തന്നെ പുനഃസ്ഥാപിക്കുകയുമാണുണ്ടായത്.