
അവർ പെൺകുട്ടികളാണ് ഭാര്യമാരല്ല; 137 വർഷം രാജ്യത്ത് നിലനിന്ന ശൈശവ വിവാഹം നിരോധിച്ച് കൊളംബിയ
ഒരു കൂട്ടം അഭിഭാഷകരുടെ പരിശ്രമം മൂലം തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ, ഒന്നര നൂറ്റാണ്ടോളം നീണ്ടുനിന്ന ശൈശവ വിവാഹം നിരോധിച്ചു കൊണ്ടുള്ള ബില്ലിന് അംഗീകാരം ലഭിച്ചു. 17 വർഷങ്ങൾ നീണ്ട പ്രചാരണത്തിനും, പരാജയപ്പെട്ട എട്ട് ശ്രമങ്ങളുടെയും പോരാട്ടത്തിനൊടുവിലാണ് രാജ്യത്ത് ശൈശവ വിവാഹം നിരോധിക്കപ്പെട്ടത്.137 വർഷം രാജ്യത്ത് നിലനിന്ന നിയമമാണ് ഇപ്പോൾ പൊളിച്ചെഴുതിയിരിക്കുന്നത്. ലാറ്റിനമേരിക്കയിലും, കരീബിയനിലുമായി ശൈശവ വിവാഹം പൂർണമായും നിരോധിക്കുന്ന 12 രാജ്യങ്ങളിൽ ഒന്നായി കൊളംബിയയും.
അവർ പെൺകുട്ടികളാണ്, ഭാര്യമാരല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് 18 വയസ്സിന് താഴെ പ്രായം ഉള്ളവരുടെ വിവാഹം കൊളംബിയ നിരോധിച്ചത്. മാതാപിതാക്കളുടെ അനുമതിയോടെ 14 വയസ്സുള്ള കുട്ടികളെ വിവാഹം ചെയ്യാമെന്നുള്ള നിയമം മാറ്റുന്നതിനായാണ് ബില്ല് അവതരിപ്പിച്ചത്.
കുട്ടികൾക്കെതിരായ ആസൂത്രിതമായ അക്രമവും, ലൈംഗിക ചൂഷണവും തുടർന്നു കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എട്ട് തവണ ശ്രമിച്ചതിന് ശേഷമാണ് ശൈശവ വിവാഹം നിരോധിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത്. കൊളംബിയ ഇവിടെ പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. വോട്ടെടുപ്പിന് ശേഷം ഡിഗ്നിറ്റി ആൻഡ് കമ്മിറ്റ്മെന്റ് പാർട്ടിയുടെ ജെന്നിഫർ പെദ്രസ പറഞ്ഞു.
ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും അവകാശങ്ങളോടുള്ള ആദരവിന്റെ കാര്യത്തിൽ കൊളംബിയയ്ക്ക് മാത്രമല്ല, ലോകത്തിനും ഇതൊരു മഹത്തായ സന്ദേശമാണ്. കൊളംബിയൻ ബാല്യം പ്രധാനമാണ്, നമ്മൾ അത് സംരക്ഷിക്കുകയും പരിപാലിക്കുകയും വേണം അവർ പറഞ്ഞു.
കൊളംബിയയിൽ 18 വയസ്സിന് മുമ്പ് വിവാഹിതരായ 4.5 ദശലക്ഷം പെൺകുട്ടികളുണ്ട്. ഇവരിൽ ഒരു ദശലക്ഷം പേർ 15 വയസ്സ് തികയുന്നതിന് മുമ്പ് വിവാഹിതരായതായും യൂണിസെഫ് പറയുന്നു.
ആൺകുട്ടികളെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി കൂടുതലാണ് പെൺകുട്ടികളുടെ ശൈശവ വിവാഹ നിരക്ക്. പ്രായപൂർത്തിയാകാത്തവരെ വിവാഹം കഴിക്കുന്നതിലേക്ക് നയിക്കുന്ന പ്രധാന ഘടകം ദാരിദ്ര്യമാണെന്നും യൂണിസെഫ് പറയുന്നു.
പ്രായപൂർത്തിയാകാതെ വിവാഹിതരാകുന്ന കുട്ടികൾ നേരത്തെ ഗർഭം ധരിക്കുകയും, പ്രസവത്തിൽ മരിക്കുവാനുള്ള സാധ്യതയും കൂടുതലാണ്. അതുപോലെ സ്കൂൾ പഠനം ഉപേക്ഷിക്കാനും, ഗാർഹിക പീഡനത്തിന് ഇരയാകാനുള്ള സാധ്യതയും കൂടുതലാണ്.
രാജ്യത്ത് നടക്കുന്ന ശൈശവ വിവാഹത്തെ എതിർത്ത് കൊണ്ട് പ്രചാരണങ്ങൾ നടന്നിരുന്നുവെങ്കിലും, പ്രതിപക്ഷം ബില്ലിനെ എതിർത്തിരുന്നു. മാതാപിതാക്കളുടെ അവകാശങ്ങളും, പാരമ്പര്യവും, ചൂണ്ടിക്കാട്ടി നിരവധി പ്രതിനിധികളാണ് ബില്ലിനെ എതിർത്തത്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ അന്താരാഷ്ട്ര കൺവെൻഷനുകളിൽ ഒപ്പുവെച്ചിരിക്കുന്നതിനാൽ, കൊളംബിയ ശൈശവ വിവാഹം തുടച്ചുനീക്കാൻ നിയമപരമായി ബാധ്യസ്ഥരാണെന്ന് അഭിഭാഷക ഗ്രൂപ്പുകൾ പറഞ്ഞു. ദാരിദ്ര്യത്തിൽ കഴിയുന്ന പെൺകുട്ടികളും സാമ്പത്തിക ശക്തിയുള്ള മുതിർന്ന പങ്കാളിയും തമ്മിലുള്ള വിവാഹമാണ് പലപ്പോഴും നടക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
ശൈശവ വിവാഹത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കാൻ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കാനായി നയങ്ങൾ കൊണ്ടുവരണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
.