GUSTAVO PETRO | PHOTO: WIKI COMMONS
ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുന്നുവെന്ന് കൊളംബിയന്‍ പ്രസിഡന്റ്
ഗാസയ്‌ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതായി കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. ഇസ്രയേല്‍ ഭരണകൂടം ഗാസയില്‍ നടത്തുന്നത് വംശഹത്യയാണെന്നും ഗുസ്താവോ പെട്രോ ആരോപിച്ചു. ബൊഗോട്ടയില്‍ അന്താരാഷ്ട്ര തൊഴിലാളി ദിനത്തില്‍ ജനങ്ങളോട് സംസാരിക്കവെയാണ് പ്രഖ്യാപനം. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുമ്പോള്‍ രാജ്യങ്ങള്‍ നിഷ്‌ക്രിയരായിരിക്കരുതെന്നും പെട്രോ പറഞ്ഞു.
ഇസ്രയേലിന്റെ പ്രധാന വിമര്‍ശകരില്‍ ഒരാളാണ് ഗുസ്താവോ പെട്രോ. ജൂതന്മാരെക്കുറിച്ച് നാസികള്‍ പറഞ്ഞതിന് സമാനമായ ഭാഷയാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പലസ്തീനികള്‍ക്കെതിരെ ഉപയോഗിച്ചതെന്ന പെട്രോയുടെ പരാമര്‍ശം ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന് കൊളംബിയയിലേക്കുള്ള സുരക്ഷാ കയറ്റുമതി നിര്‍ത്തുന്നതായി ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയില്‍ ഗാസയില്‍ ഭക്ഷണത്തിനായി അണിനിരന്ന പലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇസ്രയേലില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നത് കൊളംബിയ നിര്‍ത്തിവെച്ചു. വെടിയുതിര്‍ത്ത സംഭവം ഹോളോകോസ്റ്റിനെ ഓര്‍മ്മിപ്പിക്കുന്നതായും പെട്രോ പ്രതികരിച്ചിരുന്നു.
ദുരന്ത മുന്നറിയിപ്പുമായി യുഎന്‍ മേധാവി
തെക്കന്‍ ഗാസ നഗരമായ റഫയെ ആക്രമിക്കാനുള്ള ഇസ്രയേല്‍ തീരുമാനം വന്‍ ദുരന്തത്തിന് കാരണമാകുമെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. ഹമാസുമായി വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയാലും റഫയിലേക്ക് ഇസ്രയേല്‍ സൈന്യം പ്രവേശിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. റഫയെ ഇസ്രയേല്‍ ആക്രമിച്ചാല്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തത്തെ ഒരു മാനുഷിക പദ്ധതിക്കും പ്രതിരോധിക്കാന്‍ കഴിയില്ലെന്ന്് യുഎന്‍ മാനുഷികകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ മാര്‍ട്ടിന്‍ ഗ്രിഫ്ത്ത്സ് പ്രതികരിച്ചിരുന്നു.
യുദ്ധത്തിന് ശേഷം 1.5 ദശലക്ഷത്തിലധികം പലസ്തീനികള്‍ അഭയം പ്രാപിക്കുന്ന റഫയിലെ ഷബൂറയ്ക്ക് സമീപത്തെ ഒരു വീടിന് നേരെ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങില്‍ 34,535 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും 77,704 പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.
ക്യാമ്പസുകളില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധം ശക്തം
ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങള്‍ക്കെതിരെ യുഎസ് സര്‍വകലാശാലകളില്‍ ആരംഭിച്ച വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ നൂറുകണക്കിന് ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഉദ്യോഗസ്ഥര്‍ കൊളംബിയ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ പ്രവേശിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പലസ്തീന്‍ അനുകൂല പ്രതിഷേധം കൂടുതല്‍ ശക്തമായതോടെ യുഎസിലെയും, ഫ്രാന്‍സ്, ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെയും ക്യാമ്പസുകളില്‍ നിരവധി വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊളംബിയയിലെ ഹാമില്‍ട്ടണ്‍ ഹാളില്‍ പ്രവേശിച്ച പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്തതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി.