
അമേസോണും ഫ്‌ളിപ്പ്കാര്‍ട്ടുമായി സാംസങ്ങിനും ഷഓമിക്കും രഹസ്യധാരണയെന്ന് കോമ്പറ്റിഷന്‍ കമ്മീഷന്‍
ഇന്ത്യയില്‍ സാംസങ്ങിനും ഷഓമിക്കും, അമേസോണും വാള്‍മാര്‍ട്ടിന്റെ ഫ്‌ളിപ്കാര്‍ട്ടുമായി രഹസ്യധാരണയെന്ന് കണ്ടെത്തല്‍. കോമ്പറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ(CCI) ആന്റിട്രസ്റ്റ് പരിശോധനകളുടെ ഭാഗമായി കണ്ടെത്തിയെന്ന് റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സാംസങ്ങിന്റെയും ഷഓമിയുടേയും ഉല്‍പന്നങ്ങള്‍ അമേസോണിലും ഫ്‌ളിപ്കാര്‍ട്ടിലും മാത്രമായി പുറത്തിറക്കുന്നതില്‍ കോമ്പറ്റിഷന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കിയും, ചില വ്യാപാരികള്‍ക്ക് പ്രത്യേക പരിഗണനകള്‍ കൊടുത്തും, ഉല്പന്നങ്ങള്‍ മറ്റെവിടെയും വില്പനയ്ക്ക് നല്‍കാതെയും നിയമലംഘനങ്ങള്‍ നടത്തിയെന്നാണ് കണ്ടെത്തലുകള്‍. ഇവ മറ്റ് കമ്പനികളെ സാരമായി ബാധിക്കുന്നുവെന്ന് CCI ചൂണ്ടിക്കാട്ടുന്നു.
അമേസോണിനെക്കുറിച്ചുള്ള CCI റിപ്പോര്‍ട്ടില്‍ സാംസങ്, ഷഓമി, മോട്ടറോള, റിയല്‍മി കൂടാതെ വണ്‍പ്ലസ് എന്നിവരുമായി രഹസ്യധാരണയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടിനെക്കുറിച്ചുള്ള CCI റിപ്പോര്‍ട്ടില്‍ സാംസങ്, ഷഓമി, മോട്ടറോള, വിവോ കൂടാതെ ലെനോവോയുമായി രഹസ്യധാരണയുണ്ടെന്ന് ആരോപിക്കുന്നു.
''ചില സൈറ്റുകളില്‍ മാത്രം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് തെറ്റാണ്. അത് സ്വതന്ത്രവിപണിക്കും ന്യായമായ മത്സരത്തിനും എതിരാണ്, ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കെതിരുമാണ്.'', CCIയുടെ അഡിഷണല്‍ ഡയറക്ടര്‍ ജി വി ശിവ പ്രസാദ് പറയുന്നു.
ഈ വിഷയത്തില്‍ റോയ്‌റ്റേഴ്‌സിനോട് പ്രതികരിക്കാന്‍ CCIയും, ഷഓമിയും, അമേസോണും, ഫ്‌ളിപ്കാര്‍ട്ടും തയ്യാറായില്ല. അന്വേഷണങ്ങളിലെ ആരോപണങ്ങളെ അമേസോണും ഫ്‌ളിപ്കാര്‍ട്ടും വിലകുറച്ച് കാണുന്നുവെന്നും, ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സ്ഥിരമാണെന്നും റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്നു.
ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സൗത്ത് കൊറിയയുടെ സാംസങ്ങിനും ചൈനയുടെ ഷഓമിയും ചേര്‍ന്ന് മുപ്പത്തിയാറ് ശതമാനത്തോളംകയ്യടക്കിയിട്ടുണ്ടെന്നും, ചൈനയുടെ വിവോക്ക് പത്തൊന്‍പത് ശതമാനമാണ് ഉള്ളതെന്നും കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2028ഓട് കൂടി ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാരം 2023ലെ 57 തൊട്ട് 60 ബില്യണ്‍ യുഎസ് ഡോളര്‍ എന്ന കണക്കില്‍ നിന്നും 160 ബില്യണ്‍ ഡോളറിലേക്കെത്തുമെന്ന് ബെയ്ന്‍ എന്ന സ്ഥാപനം കണക്കാക്കുന്നു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് എന്ന സംഘടന 2020ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അമേസോണിനും ഫ്‌ലിപ്കാര്‍ട്ടിനുമെതിരെയുള്ള CCIയുടെ അന്വേഷണം ആരംഭിച്ചത്. കടക്കാരേയും മറ്റു ഓണ്‍ലൈന്‍ വില്പന നടത്തുന്ന കമ്പനികളെയും ഇത്തരത്തിലുള്ള രഹസ്യധാരണകള്‍ ബാധിക്കുന്നെന്ന് പരാതികള്‍ സ്ഥിരമായി ഉയര്‍ന്നു വരാറുള്ളതാണ്.
ഡേറ്റം ഇന്റലിജന്‍സ് എന്ന ഇന്ത്യന്‍ ഗവേഷണ സ്ഥാപനത്തിന്റെ കണ്ടെത്തലുകളില്‍ കഴിഞ്ഞ വര്‍ഷത്തെ ഫോണ്‍ വില്പനകളില്‍ 50 ശതമാനവും ഓണ്‍ലൈനായിരുന്നെന്ന് നിര്‍ണ്ണയിക്കുന്നു. 2023ലെ കണക്കില്‍ ഫ്‌ലിപ്പ്കാര്‍ട്ടിന് വില്‍പ്പനകളില്‍ അമ്പത്തിയഞ്ച് ശതമാനവും, അമേസോണിന് 35 ശതമാനവുമാണ് ഉണ്ടായിരുന്നത്. 2013ല്‍ ആകെ ഫോണ്‍ വില്പനകളില്‍ വെറും 14.5 ശതമാനം മാത്രമായിരുന്നു ഓണ്‍ലൈനായി നടന്നിരുന്നത്.


