ജയിലര്‍ സിനിമയ്‌ക്കെതിരെ പരാതി; പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യം
ബോക്‌സോഫീസില്‍ തരംഗമാകുന്നതിനിടെ രജനികാന്ത് ചിത്രമായ ജയിലറിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ പരാതി. ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യം. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
ജയിലറില്‍ ക്രൂരമായ കൊലപാതക ദൃശ്യങ്ങള്‍ ഉള്ളതിനാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. അഭിഭാഷകനായ എംഎല്‍ രവിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ തീരുമാനമാകുന്നതുവരെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം. അടുത്ത ആഴ്ച ആദ്യം ഹര്‍ജി പരിഗണിക്കും.
ഭീകരത നിറഞ്ഞ ദൃശ്യങ്ങള്‍
സിനിമയില്‍ തലയും ചെവിയും അറുത്തുമാറ്റുന്ന ദൃശ്യങ്ങളുണ്ട്. ഈ രംഗങ്ങള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തിയെ മഹത്വവത്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നാണ് അഭിഭാഷകന്‍ പറയുന്നത്. 500 കോടി നേട്ടത്തിലേക്ക് ജയിലര്‍ അടുക്കുന്നതിനിടെയാണ് ചിത്രത്തിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമാണ് രജനികാന്ത് ജയിലറില്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, വിനായകന്‍, വസന്ത് രവി, ജാക്കി ഷ്‌റോഫ്, സുനില്‍, തമന്ന, രമ്യാകൃഷ്ണന്‍, മിര്‍ണ മേനോന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ആവേശത്തിരയില്‍ ജയിലര്‍
രജനികാന്ത് സ്‌റ്റെല്‍ രാജ്യത്തിനകത്തും പുറത്തുമുള്ള സിനിമാ പ്രേമികളെ ആവേശത്തില്‍ എത്തിച്ചിരിക്കുകയാണ്. ചിത്രം ഇറങ്ങി ഒരാഴ്ച പിന്നിട്ടപ്പോള്‍ 375.40 കോടി കളക്ഷന്‍ നേടിയെന്നാണ് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് അവകാശപ്പെടുന്നത്. തമിഴ് സിനിമാ വ്യവസായത്തിലെ തന്നെ റെക്കോര്‍ഡ് നേട്ടമാണ് ജയിലര്‍ സ്വന്തമാക്കിയിരിക്കുന്നത്. സിനിമ ഇതുവരെ തമിഴ്‌നാട്ടില്‍ നിന്നുമാത്രം നേടിയത് 150 കോടിക്ക് മുകളിലാണ്.
ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനെന്ന മുന്‍ ജയിലറുടെ നിലവിലെ കഥയാണ് സിനിമ. വിഗ്രഹ മോഷണവും കള്ളക്കടത്തും നടത്തുന്ന ഒരു സംഘത്തിനെതിരെ രജനികാന്ത് നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന് ആധാരം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബീസ്റ്റ് എന്ന ചിത്രത്തിന്റെ സംവിധാനത്തിനുശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ അണിയിച്ചെരുക്കിയ ചിത്രമാണ് ജയിലര്‍.