'മാസ്റ്റർപീസ്' നോവലിനെതിരെ പരാതി; ഫ്രാൻസിസ് നൊറോണ സർക്കാർ ജോലി രാജിവെച്ചു
മാസ്റ്റർപീസ് നോവലിനെതിരെ ഹൈക്കോടതിയിൽ പരാതി വന്ന പശ്ചാത്തലത്തിൽ എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ സർക്കാർ ജോലി രാജിവെച്ചു. കുടുംബക്കോടതിയിലെ സീനിയർ ക്ലാർക്ക് പദവിയിൽ നിന്നാണ് നൊറോണ രാജി വച്ചത്. മൂന്ന് വർഷത്തെ സർവീസ് അവശേഷിക്കെയാണ് സ്വയം വിരമിക്കുക എന്ന തീരുമാനം എടുത്തത്.
സാഹിത്യരംഗത്തെ മോശം പ്രവണതകളെപ്പറ്റി നൊറോണ എഴുതിയ മാസ്റ്റർപീസ് നോവലിനെതിരെ ഹൈക്കോടതിയിൽ പരാതി വന്നതിനെത്തുടർന്ന് അന്വേഷണം നടത്തിയിരുന്നു. തിരുത്തൽ നല്കിയിട്ട് ജോലിയിൽ തുടരാനാണ് മേലധികാരികൾ പറഞ്ഞതെങ്കിലും സ്വതന്ത്രമായി എഴുതാൻ സാധിക്കാത്തതിനാൽ രാജിവെയ്ക്കുകയാണ്. ജോലി ഉപേക്ഷിച്ച് എഴുത്തിലേയ്ക്ക് വരുന്ന ഒരു എഴുത്തുകാരന്റെ ദുരിതം പിടിച്ച ജീവിതമാണ് താനതിൽ പറയുന്നത്. അത് തന്നെ തനിക്കും സംഭവിച്ചിരിക്കുന്നു, നൊറോണ ഫേസ്ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തി. ഉപജീവനമാണോ അതിജീവനമാണോ തുടരുക എന്നൊരു ഘട്ടം വന്നപ്പോൾ അതിജീവനമാണ് നല്ലതെന്ന് തീരുമാനിച്ചു. എഴുത്തില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും. ജോലി പോകുന്നതും ബുദ്ധിമുട്ടാണ് അദ്ദേഹം കൂട്ടിച്ചേർത്തു. നൊറോണയുടെ കഥയെ അടിസ്ഥാനമാക്കി രചിച്ച കക്കുകളി എന്ന നാടകവും വിവാദമായിരുന്നു.