BIBHAV KUMAR | PHOTO: FACEBOOK
സ്വാതി മലിവാളിന്റെ പരാതി; ബിഭവ് കുമാര്‍ അറസ്റ്റില്‍
ആം ആദ്മി പാര്‍ട്ടി എംപി സ്വാതി മലിവാളിനെ മര്‍ദിച്ചെന്ന പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റില്‍. കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ബിഭവ് ഒളിവിലായിരുന്നു.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ബിഭവിനെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം തുടങ്ങിയ കുറ്റങ്ങളാണ് ബിഭവിനെതിരെ ചുമത്തിയിരിക്കുന്നത്.
മെയ് 13 ന് കെജ്രിവാളിനെ കാണാനായി ഔദ്യോഗിക വസതിയിലെത്തിയ തന്നെ ബിഭവ് കുമാര്‍ അടിക്കുകയും നെഞ്ചിലും വയറിലും ചവിട്ടുകയും ചെയ്തതായി സ്വാതി മലിവാള്‍ പരാതി നല്‍കിയിരുന്നു. കെജ്രിവാളിന്റെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചതായും സ്വാതി പരാതിയില്‍ വ്യക്തമാക്കുന്നു. മര്‍ദനമേറ്റ് ഇഴഞ്ഞാണ് താന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് പുറത്തുവന്നതെന്ന് സ്വാതി പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ കെജ്രിവാളിന്റെ ഗേറ്റിലെ സിസിടിവി ദൃശ്യങ്ങളില്‍ അത്തരം ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.
അതേസമയം ശനിയാഴ്ച ഉച്ചയോടെ സ്വാതി മലിവാളിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ടില്‍ മലിവാളിന് പരുക്കുകള്‍ പറ്റിയതായി വ്യക്തമാക്കുന്നുണ്ട്. ഇടത് കാലിനും കണ്ണിനും കീഴ്താടിക്കും പരുക്കുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.
സംഭവത്തെ തുടര്‍ന്നത് പോലീസ് കെജ്രിവാളിന്റെ വസതിയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. അഡീഷണല്‍ ഡിസിപി അഞ്ജിതയുടെ നേതൃത്വത്തില്‍ ഉള്ള നാലംഗ സംഘമാണ് കെജ്രിവാളിന്റെ വസതിയിലെത്തി തെളിവെടുപ്പ് നടത്തിയത്.