
ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന പരാതി; ധനമന്ത്രി നിര്‍മല സീതാരാമനെതിരെ കേസ്
ഇലക്ടറല്‍ ബോണ്ടുകളിലൂടെ പണം തട്ടിയെടുത്തെന്ന പരാതിയില്‍ കേന്ദ്രധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമനെതിരെ കേസ്. ബംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ജനാധികാര സംഘര്‍ഷ സംഘടനയുടെ അംഗമായ ആദര്‍ശ് അയ്യരാണ് പരാതി നല്‍കിയത്.
ഇ ഡി റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തി കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്ന് ആയിരണക്കണക്കിന് കോടിയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്നാണ് പരാതി. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, കര്‍ണാടക ബിജെപി നേതാകളായ നളീന്‍ കുമാര്‍ കട്ടീല്‍, ബി വൈ വിജയേന്ദ്ര എന്നിവരുടെ പേരിലും പരാതി നല്‍കിയിട്ടുണ്ട്.
ഈ ഇലക്ടറല്‍ ബോണ്ടുകള്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള ബിജെപി നേതാക്കള്‍ പണമാക്കി മാറ്റി. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി അനധികൃത ഫണ്ട് ശേഖരിക്കാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിനായി 2018 ജനുവരി രണ്ടിനാണ് കേന്ദ്രസര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് ആവിഷ്‌കരിച്ചത്. എന്നാല്‍ 2024 ഫെബ്രുവരി 15ന് സുപ്രീം കോടതി ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും റദ്ദാക്കുകയും ചെയ്തു.