രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി: സ്പീക്കര്‍ നിയമോപദേശം തേടി
അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി. സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിന്താലാണ് പരാതി നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടതോടെ രാഹുല്‍ അയോഗ്യനായതായി പരാതിയില്‍ പറയുന്നു. വിഷയത്തില്‍ സ്പീക്കര്‍ നിയമോപദേശം തേടിയിട്ടുണ്ട്. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് സൂറത്ത് കോടതി രാഹുലിന് രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇതിനെതിരെ ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണു കോടതിയെ സമീപിച്ചത്.
ഒരു കാര്യം ചോദിക്കട്ടെ? ഈ കള്ളന്മാരുടെയെല്ലാം പേരുകളില്‍ എന്തുകൊണ്ടാണ് മോദിയുള്ളത്? നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. അത് മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണെന്നായിരുന്നു ആരോപണം. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ ജില്ലാ കോടതി രാഹുലിന് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം, വിധിക്കെതിരെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് എഐസിസി ആസ്ഥാനത്ത് അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.