
'സര്‍ക്കാര്‍ പിന്‍തുണയ്ക്കുന്നില്ല', മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് പിന്‍വലിക്കുന്നതായി പരാതിക്കാരി
മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, ബാലചന്ദ്രമേനോന്‍ എന്നിവര്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കുന്നതായി പരാതിക്കാരി. സര്‍ക്കാരില്‍ നിന്നുള്ള പിന്‍തുണ ലഭിക്കാത്തതാണ് കേസില്‍ നിന്ന് പിന്‍മാറാനുള്ള കാരണമെന്ന് യുവതി വ്യക്തമാക്കി.
കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ യുവതിയുടെ പിന്‍മാറ്റം. നടന്‍മാര്‍ക്ക് പുറമേ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു എന്നിവര്‍ക്കും കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വക്കേറ്റ് ചന്ദ്രശേഖര്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്.
2009ലാണ് മുകേഷിനെതിരായ പരാതിക്കിടയായ സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. നാടകമേ ഉലകം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് യുവതിക്കെതിരെ ലൈംഗിക ദുരുപയോഗ ശ്രമം നടക്കുന്നത്. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ ഇമെയില്‍ അയക്കുമെന്നും നടി പറഞ്ഞു.
'ദേ ഇങ്ങോട്ട് നോക്കിയേ'എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ബാലചന്ദ്രമേനോനെതിരായ പരാതി. ഷൂട്ടിങ് ലൊക്കേഷനില്‍ വിളിച്ചുവരുത്തുകയും ശേഷം ഹോട്ടലില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. ഭയം കാരണമാണ് ഇത്രയും നാള്‍ പറയാതിരുന്നതെന്ന് നടി പറഞ്ഞിരുന്നു. സെക്രട്ടേറിയേറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്നാണ് ജയസൂര്യയ്‌ക്കെതിരായ കേസ്. നടിയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോന്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തനിക്കെതിരായുണ്ടായ പോക്‌സോ കേസ് ആരോപണത്തിലും കൃത്യമായി അന്വേഷണം നടത്തിയില്ലെന്ന് നടി ചൂണ്ടിക്കാട്ടി.