IMAGE | WIKI COMMONS
മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു: ജിരിബം ജില്ലയിലെ വീടുകളില്‍ നിന്നും 200 പേരെ ഒഴിപ്പിച്ചു
മണിപ്പൂരിലെ ജിരിബം ജില്ലയില്‍ സംഘര്‍ഷം രൂക്ഷം. ജില്ലയിലെ വീടുകളില്‍ നിന്നും 200 പേരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റി. ഒരാഴ്ച മുന്‍പ് മെയ്തി വിഭാഗക്കാരന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് ജില്ലയില്‍ സംഘര്‍ഷം രൂക്ഷമായത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മണിപ്പൂരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. വ്യാഴാഴ്ച മുളര്‍ഗാവിലെ മലഞ്ചെരുവില്‍ നിന്നാണ് കൊല്ലപ്പെട്ട മെയ്തി വിഭാഗക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ജിരിബം പൊലീസ് സ്റ്റേഷനില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. വ്യാഴാഴ്ച രാത്രി കുക്കി വിഭാഗക്കാരുടെ വീടുകളിലും പള്ളിയിലും ആക്രമണം ഉണ്ടായി. ഒരു കുക്കി വിഭാഗക്കാരനെ സംഘം ചേര്‍ന്ന് പിടിച്ചുകൊണ്ടുപോയതായാണ് വിവരം. ജിരിബം ജില്ലയിലും സമീപപ്രദേശങ്ങളിലും സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ഒരു വര്‍ഷത്തിനിടെ നൂറുകണക്കിനാളുകളാണ് മരിച്ചത്. പതിനായിരത്തോളം ആളുകളെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.