Representational Image: PTI
മണിപ്പൂരിൽ സംഘർഷം രൂക്ഷം; ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക്
മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഭൂരിപക്ഷം വരുന്ന മെയ്‌തേയി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യങ്ങൾക്കെതിരെ നടന്ന പ്രതിഷേധ റാലിയാണ് സംഘർഷത്തിൽ കലാശിച്ചത്. ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ ചുരാചന്ദ്പൂരിൽ നടത്തിയ റാലിയിലാണ് സംഘർഷം. അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും പ്രശ്‌നബാധിത മേഖലകളിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇംഫാൽ വെസ്റ്റ്, കാക്ചിങ്, തൗബാൾ, ജിരിബാം, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, കാംഗ്‌പോക്പി തുടങ്ങിയ ജില്ലകളിലാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
സംഘർഷത്തെ തുടർന്ന് നിരവധി വീടുകൾ അക്രമിക്കപ്പെട്ടു. പ്രതിഷേധ റാലി നടത്തിയ ഗോത്രവിഭാഗവുമായി മറ്റു വിഭാഗക്കാർ ഏറ്റുമുട്ടിയതാണ് സംഘർഷത്തിന് കാരണം എന്നാണ് റിപ്പോർട്ടുകൾ. മേഖലയിൽ അഞ്ചിൽ കൂടുതൽ പേർ ഒത്തുകൂടുന്നത് പൊലീസ് നിരോധിച്ചിട്ടുണ്ട്. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ മേഖലകളിൽ സംഘർഷം കൂടുതൽ ശക്തമാണെന്നും, സംഘർഷ ബാധിത മേഖലകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചതായും മണിപ്പൂർ ഡിജിപി അറിയിച്ചു.
ആദിവാസി ഇതര വിഭാഗമായ മെയ്‌തേവി വിഭാഗത്തിന് പട്ടിക വർഗ പദവി നൽകണമെന്ന ആവശ്യത്തിനെതിരെയാണ് ആദിവാസി വിഭാഗം പ്രതിഷേധിച്ചത്. മെയ്‌തേയി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ കഴിഞ്ഞ ദിവസവും റാലി നടന്നിരുന്നു. തന്റെ സംസ്ഥാനം കത്തുകയാണെന്നും സഹായം വേണമെന്നും ആവശ്യപ്പെട്ട് മേരികോം പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാന ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്‌തേയി വിഭാഗത്തിന് എസ്.ടി പദവി നൽകണമെന്ന ആവശ്യം ഭരണകൂടം അംഗീകരിച്ചിരുന്നു.
മണിപ്പൂരിൽ തുടരുന്ന സംഘർഷം
മണിപ്പൂരിൽ മുഖ്യമന്ത്രി ബൈരേൻ സിംഗ് പങ്കെടുക്കേണ്ട വേദി വ്യാഴാഴ്ച ജനക്കൂട്ടം കത്തിച്ചതിനെ തുടർന്നും വ്യാപക സംഘർഷം ഉണ്ടായിരുന്നു. വിവിധ ഗോത്ര സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ നടന്നത്. അക്രമം വ്യാപകമാകാതിരിക്കാൻ ചുരാചന്ദ്പൂർ, ബിഷ്ണുപൂർ എന്നിവിടങ്ങളിൽ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് മെയ്‌തേയി വിഭാഗത്തിന് പട്ടിക വർഗ പദവി നൽകണമെന്ന ആവശ്യത്തിനെതിരെ നടന്ന പ്രതിഷേധം സംഘർഷഭരിതമാകുന്നത്.
സംരക്ഷിത വനങ്ങളും തണ്ണീർത്തടങ്ങളുമടക്കമുള്ള പ്രദേശങ്ങൾ സംബന്ധിച്ച് ബിജെപി സർക്കാർ സർവേ നടത്തുന്നതിനെതിരെയാണ് വ്യാഴാഴ്ച പ്രതിഷേധം നടന്നത്. അനധികൃത നിർമാണത്തിന്റെ പേരിൽ മൂന്ന് ക്രിസ്ത്യൻ ദേവാലയങ്ങൾ പൊളിച്ചുനീക്കിയതിനെതിരെയും പ്രതിഷേധം നടക്കുന്നു. വളരെ പവിത്രമായി കാണേണ്ട ദേവാലയങ്ങൾ യാതൊരു ബഹുമാനവും കൂടാതെയാണ് സർക്കാർ തകർത്തതെന്നാണ് സംഘടനകളുടെ ആരോപണം. ട്രൈബൽ ലീഡേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് അക്രമങ്ങളെന്നാണ് സൂചന.
സംരക്ഷിത വനങ്ങളുടെയും നീർത്തടങ്ങളുടെയും സർവെ നടത്തുന്നതിലൂടെ കർഷകരെയും ആദിവാസികളെയും കുടിയൊഴിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സർവെ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിട്ടും പിന്നോട്ട് പോകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം. എന്നാൽ, അനധികൃത നിർമാണം പൊളിച്ചു നീക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികളെന്നാണ് സർക്കാർ വിശദീകരണം.