
കോഴിക്കോട് ഹർത്താലിൽ സംഘർഷം
കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ കോഴിക്കോട് നഗരത്തിൽ ഇന്ന് സംഘർഷവും, അക്രമങ്ങളുമുണ്ടായി. പുതിയ ബസ് സ്റ്റാൻഡിൽ കോൺഗ്രസ് പ്രവർത്തകർ ബസ് സർവീസുകൾ തടഞ്ഞു. മാവൂർ റോഡിലടക്കം കടകൾ നിർബന്ധപൂർവം അടപ്പിക്കാനുള്ള ശ്രമം ഹർത്താൽ അനുകൂലികളും കടയുടമകളും തമ്മിൽ സംഘർഷത്തിനിടയാക്കി. ഹർത്താലനുകൂലികളും, പോലീസും തമ്മിലും സംഘർഷമുണ്ടായി.
രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ. ഇന്നലെ നടന്ന സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർ സിപിഎം പിന്തുണയോടെ ഭരണത്തിലെത്തിയിരുന്നു. അതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതിഷേധിക്കാനാണ് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്. ഹർത്താലുമായി സഹകരിക്കണമെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ വ്യാപാരികളോട് അഭ്യർത്ഥിച്ചിരുന്നുവെങ്കിലും വ്യാപാരി വ്യവസായി ഏകോപന സമിതി അത് തള്ളിക്കളഞ്ഞിരുന്നു.