
മണിപ്പൂരില്‍ സംഘര്‍ഷം; 2 പേര്‍ കൊല്ലപ്പെട്ടു
മണിപ്പൂരിലെ കുട്രുക് ഗ്രാമവാസികള്‍ക്ക് നേരെ കുക്കികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും മണിപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചു.
പരിക്കേറ്റവരില്‍ ഒരു പ്രാദേശിക മാധ്യമ പ്രവര്‍ത്തകനും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുവെന്നും വിവരമുണ്ട്. ഡ്രോണുകളും ബോംബുകളും അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ചാണ് കുക്കികള്‍ ആക്രമിച്ചതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണത്തെ അപലപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍
നിരായുധരായ ഗ്രാമീണരെ ഭയപ്പെടുത്തുന്ന ഇത്തരം നടപടി സംസ്ഥാന സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സര്‍ക്കാര്‍ സംസ്ഥാനത്ത് ക്രമസമാധാന നില സാധാരണ നിലയിലും സമാധാനത്തിലും കൊണ്ടുവരാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമായാണ് കുക്കി തീവ്രവാദികള്‍ നിരായുധരായ ഗ്രാമീണര്‍ക്കിടയില്‍ ഇത്തരമൊരു നാശം സൃഷ്ടിക്കുന്നതെന്നും ആക്രമണത്തെ അപലപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍ പറഞ്ഞു.
അതേ സമയം സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും കുട്രുകില്‍ നടന്ന ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെ ശിക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ ഇതിനകം അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മണിപ്പൂര്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ ഉറപ്പുനല്‍കുന്നുണ്ട്.


