
ഉത്തര്‍ പ്രദേശിലെ സംബാലില്‍ സംഘര്‍ഷം; മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചു
ഉത്തര്‍ പ്രദേശിലെ സംബാലില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്തുന്നതിനെതിരെ സംഘര്‍ഷം. പ്രതിഷേധത്തിനിടെ മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ ഇരുപതോളംപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
മുഗള്‍ ഭരണകാലത്ത് ക്ഷേത്രം തകര്‍ത്താണ് ഷാഹി ജുമാ മസ്ജിദ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് സംബാല്‍ ജില്ലാ കോടതി സര്‍വേ നടത്താന്‍ ഉത്തരവിട്ടത്. സര്‍വേക്കെത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ ഒരുകൂട്ടമാളുകള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തതായി മൊറാദാബാദ് പോലീസ് കമ്മീഷണര്‍ അനഞ്ജയ് കുമാര്‍ സിംഗ് പറഞ്ഞു.
സര്‍വേ സംഘം എത്തിയതോടെ ഷാഹി ജുമാമസ്ജിദിനു സമീപം നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടി. കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാല്‍ കര്‍ശന നടപടി എടുക്കും എന്ന് ഉപമുഖ്യ മന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നല്‍കി. തുടര്ന്ന് സര്‍വേ നടപടികള്‍ അഭിഭാഷക കമ്മീഷന്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ജഡ്ജി ആദിത്യ സിങ് സര്‍വേക്ക് ഉത്തരവിടുകയായിരുന്നു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നത് തടയാന്‍ പ്രദേശത്ത് നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരുന്നു.