
കർണാടകയിൽ ദളിതരുടെ ക്ഷേത്രപ്രവേശനത്തിൽ സംഘർഷം; വിഗ്രഹം എടുത്തുമാറ്റി സവർണ്ണർ
കർണാടകയിലെ മാണ്ഡ്യയിൽ ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ തുടർന്ന്, സംഘർഷം സൃഷ്ടിച്ച് ഒരു സംഘം സവർണർ. ഞായറാഴ്ചയാണ് സംഭവം. മാണ്ഡ്യയിലെ ഹനകെരെയിലെ കാലഭൈരവേശ്വര ക്ഷേത്രത്തിൽ ദളിതർ പ്രവേശിച്ചപ്പോൾ, സവർണ്ണർ എതിർപ്പ് പ്രകടിപ്പിച്ച് ഗ്രാമത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. എന്നാൽ സംഘർഷാവസ്ഥ മറികടന്ന് ദളിതർ ക്ഷേത്രപ്രവേശനം നടത്തിയതായി ജില്ലാ സാമൂഹിക ക്ഷേമ ഓഫീസർ സിദ്ധലിംഗേഷ് പറഞ്ഞു.
സംഘർഷാവസ്ഥ കണക്കിലെടുത്ത് ഞായറാഴ്ച ഹനകെരെയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകൾ പൂർത്തിയാകുന്നതു വരെ ജില്ലാ സാമൂഹികക്ഷേമ ഓഫീസർ സിദ്ധലിംഗേഷും, മറ്റുള്ളവരും ഗ്രാമത്തിൽ തന്നെ ഉണ്ടായിരുന്നു. ക്ഷേത്രപ്രവേശനം നടക്കാതിരിക്കാൻ സവർണസംഘം എടുത്തുകൊണ്ടുപോയ വിഗ്രഹവും, മറ്റ് വാദ്യോപകരണങ്ങളും ക്ഷേത്രത്തിൽ തിരിച്ചെത്തിച്ചതായി തഹസിൽദാറായ ശിവകുമാർ ബിരാദാർ, ഉറപ്പുവരുത്തിയതായും സിദ്ധലിംഗേഷ് പറഞ്ഞു.
രണ്ട് വർഷം മുൻപ് പുതുക്കിപ്പണിത കാലഭൈരവേശ്വര ക്ഷേത്രത്തിൽ, ദളിതരുടെ ക്ഷേത്രപ്രവേശനത്തിന് മുൻകൈയെടുത്തത് മുൻ എംഎൽഎ ആയ എം ശ്രീനിവാസായിരുന്നു. പുതുക്കി പണിതതിന് ശേഷം ക്ഷേത്ര ഭരണം ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എന്ഡോവ്മെന്റ് വകുപ്പ് ഏറ്റെടുത്തിരുന്നു.മുൻ എംഎൽഎയുടെ തീരുമാനത്തെ എതിർത്ത് സവർണ സംഘം വിഗ്രഹം എടുത്തു കൊണ്ടുപോവുകയും ക്ഷേത്ര ഫലകവും, ബോർഡും നശിപ്പിക്കുകയും ചെയ്തു.
ക്ഷേത്രം പുനരുദ്ധരിച്ചതിന് ശേഷം ദളിത് വിഭാഗത്തിൽപ്പെട്ടവർ ഇടയ്ക്കിടെ ക്ഷേത്രത്തിലെത്തുകയും, ആരാധനാ സമയത്ത് ചടങ്ങുകളിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തിരുന്നു. എന്നാൽ മൂന്ന് മാസം മുമ്പാണ് വിരലിലെണ്ണാവുന്ന ആളുകൾ ഇതിനെതിരെ രംഗത്ത് വരാൻ തുടങ്ങിയതെന്ന് പ്രാദേശിക ദളിത് നേതാവായ ഗംഗരാജു പറഞ്ഞു.