
കോംഗോയില്‍ റെബലുകള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ റെബല്‍ ഗ്രൂപ്പുകളുടെ സഖ്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. മാനുഷിക പരിഗണനയിലുള്ള വെടിനിര്‍ത്തല്‍ ഇന്ന് മുതല്‍ നടപ്പില്‍ വന്നു.
മാനുഷിക കാരണങ്ങളാല്‍ വെടിനിര്‍ത്തുന്നുവെന്ന് കോംഗോയുടെ കിഴക്കന്‍ ഭാഗം പിടിച്ചെടുത്ത റെബല്‍ സംഘടനകളുടെ സഖ്യം പ്രസ്താവനയില്‍ അറിയിച്ചു. അയല്‍രാജ്യമായ റുവാണ്ടയുടെ പിന്തുണയുള്ള എം23 റെബലുകള്‍ അടക്കമുള്ള സംഘടനകള്‍ ഈ സഖ്യത്തിലുണ്ട്.
കോംഗോയുടെ ഏറ്റവും വലിയ കിഴക്കന്‍ നഗരമായ ഗോമയിലും പരിസര പ്രദേശങ്ങളിലുമായി കുറഞ്ഞത് 900 പേര്‍ കൊല്ലപ്പെട്ടുവെന്നും 2,880 പേര്‍ക്ക് പരിക്കേറ്റുവെന്നും യുഎന്‍ അറിയിച്ചു.
കോംഗോയുടെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റത്തെ ജി7 രാജ്യങ്ങളും ഇയുവും അപലപിച്ചിരുന്നു.
തങ്ങള്‍ കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങളില്‍ കോംഗോ സൈന്യം ബോംബിട്ട് സാധാരണക്കാരെ കൊലപ്പെടുത്തുന്നതായി കോംഗോ നദീ സഖ്യം എന്ന പേരില്‍ അറിയപ്പെടുന്ന റെബല്‍ സംഘങ്ങളുടെ സഖ്യം പ്രസ്താവനയില്‍ അറിയിച്ചു. കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കില്ലെന്നും നിലവില്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ കൈവശം സൂക്ഷിക്കുമെന്നും സഖ്യം അറിയിച്ചു. ഇത് മുന്‍നിലപാടില്‍ നിന്നുള്ള പിന്‍മാറ്റമാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷമായുള്ള റെബല്‍ പോരാട്ടങ്ങള്‍ ആയിരക്കണക്കിന് പേര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. ഈ വര്‍ഷം ജനുവരി ആദ്യം മുതല്‍ നാല് ലക്ഷത്തോളം പേര്‍ക്ക് വീട് വിട്ട് പോകേണ്ടി വന്നുവെന്ന് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി പറയുന്നു.
കോംഗോയില്‍ തങ്ങളുടെ സൈനികര്‍ കടന്നു കയറിയിട്ടുണ്ടോയെന്ന് അറിയില്ലെന്ന് റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കാഗ്മെ പറഞ്ഞു.