
കോണ്‍ഗ്രസ് വിശ്വസിക്കുന്നത് ഗാന്ധിയുടെ ഹിന്ദുത്വയില്‍: കര്‍ണാടക മുഖ്യമന്ത്രി
മഹാത്മാഗാന്ധി കടുത്ത ഹിന്ദുവായിരുന്നുവെന്നും കോണ്‍ഗ്രസ് ഗാന്ധിയുടെ ഹിന്ദുത്വയില്‍ വിശ്വസിക്കുന്നുവെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ബിജെപി ഗാന്ധിജിയെ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കുന്നു. എന്നാല്‍ അത് 100 ശതമാനം തെറ്റാണെന്ന് മനസ്സിലാക്കണമെന്ന് ബല്‍ഗാവിയിലെ സുവര്‍ണ വിധാന്‍ സൗധയുടെ മുന്നില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു കൊണ്ട് സിദ്ധരാമയ്യ പറഞ്ഞു.
മഹാത്മാഗാന്ധി എപ്പോഴും രാമ നാമം ചൊല്ലുമായിരുന്നുവെന്നും നാഥുറാം ഗോഡ്‌സെ നിറയൊഴിച്ചപ്പോള്‍ അദ്ദേഹം ഹേ റാം എന്ന് മന്ത്രിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റൊരു മികച്ച ഉദാഹരണം അതിനില്ലെന്നും ഗാന്ധി കടുത്ത ഹിന്ദുവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി ഒരിക്കലും ഹൈന്ദവ വിശ്വാസത്തിന് എതിരായിരുന്നില്ലെന്നും അദ്ദേഹം ഹിന്ദുയിസത്തെ പരിഷ്‌കരിക്കാന്‍ ആഗ്രഹിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദുക്കളേയും മുസ്ലിങ്ങളേയും സഹോദരന്‍മാരെ പോലെ കാണാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും ആഗ്രഹിച്ചു.
'ഞങ്ങള്‍ മഹാത്മാഗാന്ധിയുടെ ഹിന്ദുത്വയില്‍ വിശ്വസിക്കുന്നു. അവര്‍ സമൂഹത്തെ വിഭജിക്കുന്നതില്‍ വിശ്വസിക്കുന്നു. അവര്‍ മനുവാദികളാണ്. ഞങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നു. ബിജെപി കോണ്‍ഗ്രസിന്റെ ആശയത്തിന് എതിരാണ്. അതിനാല്‍ നമ്മള്‍ ഭരണഘടനയെ സംരക്ഷിക്കുകയും ജനാധിപത്യത്തെ രക്ഷിക്കുകയും വേണം. നമ്മള്‍ ഭരണഘടനയെ സംരക്ഷിച്ചാല്‍, നമുക്ക് സ്വയം സംരക്ഷിക്കാം,' ബിജെപിയെ വിമര്‍ശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
1924ല്‍ ഗാന്ധിജി കോണ്‍ഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തത്.


