
ഭീകരവിരുദ്ധ പ്രതിനിധി സംഘം; ശശി തരൂരിന് കോണ്‍ഗ്രസിന്റെ അനുമതി
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പാകിസ്താന്‍ പിന്തുണയോടെ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദേശ രാജ്യങ്ങളില്‍ പ്രചാരണം നടത്താനുള്ള എംപിമാരുടെ സംഘത്തിന്റെ വിദേശ യാത്രയില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ എംപിക്ക് കോണ്‍ഗ്രസ് അനുമതി നല്‍കി. യുഎസിലും യുകെയിലും പോകുന്ന സംഘത്തിന്റെ തലവനാണ് തരൂര്‍.
കോണ്‍ഗ്രസ് സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ ലിസ്റ്റില്‍ തരൂര്‍ ഉണ്ടായിരുന്നില്ല. ഇത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ മേയ് പതിനാറിന് ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടത് പ്രകാരം പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്താനുള്ള നാല് പേര് നല്‍കിയെന്ന് കോണ്‍ഗ്രസ് പറയുന്നു. ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് എംപിമാരുടെ പട്ടിക നല്‍കിയത്.
കോണ്‍ഗ്രസില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് ബിജെപി നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കോണ്‍ഗ്രസ് നേതാവായ മനീഷ് തിവാരിയും എംപിമാരുടെ ഏഴ് സംഘങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിപിഐഎമ്മില്‍നിന്നും രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസാണ് ഉള്ളത്.
കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ബ്രിട്ടാസിനെ അയക്കുമെന്ന് സിപിഐഎം പറഞ്ഞിരുന്നു.


