TMJ
searchnav-menu
post-thumbnail

TMJ Daily

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാന ചര്‍ച്ച തുടങ്ങിയിട്ടില്ല: കെ സുധാകരന്‍

22 Dec 2024   |   1 min Read
TMJ News Desk

സാമുദായിക നേതാക്കള്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തലയ്ക്ക് എന്താണ് അയോഗ്യതയെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രമേശ് ചെന്നിത്തല ഇന്നലെ വന്ന നേതാവല്ല. പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ആരാകണം എന്നതില്‍ തര്‍ക്കമില്ല. അധികാര വടംവലിയുള്ള പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നും സുധാകരന്‍ പറഞ്ഞു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെന്നിത്തലയെ അനുകൂലിച്ച് പറഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു സുധാകരന്റെ പ്രതിപകണം.

അതേസമയം, താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങളോടുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ചെന്നിത്തല അനുകൂലിച്ച വെള്ളാപ്പള്ളി സതീശനെ വിമര്‍ശിച്ചിരുന്നു.

സമുദായ നേതാക്കള്‍ക്ക് വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വിമര്‍ശനത്തില്‍ കാര്യമുണ്ടോ എന്നു പരിശോധിക്കുമെന്നും സതീശന്‍ പറഞ്ഞു.

എല്ലാ ജാതി മത വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അകന്നുപോയ പല വിഭാഗങ്ങളെയും തിരിച്ചുകൊണ്ടുവന്നു. എന്‍എസ്എസ് നിലപാടിനെ 2021 ലും 22ലും പ്രശംസിച്ചിട്ടുണ്ട്. അത് പുതിയ നിലപാടല്ല. സംഘപരിവാറിനെതിരെ നിലപാടെടുത്തതിന് നേരത്തെയും എന്‍എസ്എസിനെ പ്രശംസിച്ചിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയുള്ള അന്വേഷണം പ്രഹസനമായിരുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു. എ ഡിവിഷനില്‍ നിന്ന് ബി യിലേക്ക് മാറ്റിയത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

മുണ്ടക്കൈ- ചൂരല്‍മലയിലെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കണമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രിയങ്കാഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടുകൊണ്ടാണെന്ന് പറയാന്‍ വിജയരാഘവനേ കഴിയൂ. സംഘപരിവാര്‍ അജണ്ട സിപിഎം കേരളത്തില്‍ നടപ്പിലാക്കുകയാണെന്നും സതീശന്‍ പറഞ്ഞു.


#Daily
Leave a comment