എം എം മണിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ്
എംഎല്‍എ എം.എം.മണി ക്കെതിരെ വംശീയാധിക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ്. ഇടുക്കി ഡിസിസി മുന്‍ സെക്രട്ടറിയും യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കണ്‍വീനറുമായ ഒ.ആര്‍.ശശിയാണ് എം.എം.മണിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. എം എം മണിയുടെ മുഖത്ത് നോക്കുന്നത് ചുട്ട കശുവണ്ടിയെ നോക്കുന്നപോലെയാണെന്നായിരുന്നു ഒ ആര്‍ ശശിയുടെ പരാമര്‍ശം. മൂന്നാറില്‍ നടന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് വിവാദ പരാമര്‍ശം ഉണ്ടായത്.
ഡീന്‍ കുര്യാക്കോസിനെതിരെയുള്ള എം എം മണിയുടെ പ്രസംഗത്തിനു മറുപടിയായിട്ടായിരുന്നു ശശിയുടെ പ്രസംഗം. ഡീന്‍ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നുമാണ് ഇടുക്കി തൂക്കുപാലത്തെ പാര്‍ട്ടി പരിപാടിയില്‍ നടത്തിയ പ്രസംഗത്തില്‍ എം.എം.മണി പറഞ്ഞത്. ബ്യൂട്ടി പാര്‍ലറില്‍ പോയി പൗഡറും പൂശി ഫോട്ടോ എടുത്ത് നടപ്പാണെന്നും കെട്ടിവച്ച കാശുപോലും കിട്ടില്ലെന്ന് പരിഹസിക്കുകയും ചെയ്തതായും ആരോപണം ഉണ്ട്.
വംശീയാധിക്ഷേപങ്ങളുടെ ആവര്‍ത്തനം
നര്‍ത്തകി സത്യഭാമ ആര്‍ എല്‍വി രാമകൃഷ്ണനെതിരെ നടത്തിയ വംശീയ പരാമര്‍ശം വിവാദമായതിന് തൊട്ടുപിന്നാലെയാണ് എംഎം മണിക്കെതിരായ അധിക്ഷേപം. കറുത്ത നിറമുള്ളവര്‍ മോഹിനിയാട്ടം കളിക്കേണ്ടതില്ലെന്ന ഇവരുടെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. നേരത്തെ എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ എംഎം മണിക്കെതിരെ വംശീയാധിക്ഷേപം നടത്തിയതും വിവാദമായിരുന്നു.