
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബിജെപിയുമായി രഹസ്യധാരണ: രാഹുല്‍ ഗാന്ധി
ഗുജറാത്തിലെ അനവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടെന്ന് രാഹുല്‍ ഗാന്ധി. ആവശ്യമെങ്കില്‍ അത്തരം 20 മുതല്‍ 30 വരെ പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തയ്യാറാണെന്നും ലോകസഭ പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്താന്‍ നടത്തിയ ദ്വിദിന സന്ദര്‍ശനത്തിനൊടുവില്‍ അഹമ്മദാബാദില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്തുകൊണ്ട് കഴിഞ്ഞ 20 മുതല്‍ 30 വര്‍ഷമായി കോണ്‍ഗ്രസിന് ഗുജറാത്തിലെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന് രാഹുല്‍ ചോദിച്ചു. കാരണം ഗുജറാത്തില്‍ രണ്ട് തരം നേതാക്കള്‍ ഉണ്ടെന്ന് രാഹുല്‍ പറഞ്ഞു.
ആദ്യത്തെ കൂട്ടര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നു. അവരുടെ ഹൃദയത്തില്‍ പാര്‍ട്ടിയുണ്ട്. മറ്റുള്ളവര്‍ താല്‍പര്യമില്ലാത്തവരും ജനങ്ങളെ ബഹുമാനിക്കാത്തവരും ബിജെപിയുമായി രഹസ്യബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നുവെന്ന് രാഹുല്‍ പറഞ്ഞു.
ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാരെ പുറത്താക്കുമെന്നും അപ്പോള്‍ അവര്‍ക്ക് ബിജെപിക്കുവേണ്ടി പരസ്യമായി പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അവര്‍ക്ക് അവിടെ യാതൊരു വിലയും ഇല്ലെന്ന് അവര്‍ തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ പുനരുദ്ധാരണം രണ്ട് മൂന്ന് വര്‍ഷത്തെ പദ്ധതി അല്ലെന്നും 50 വര്‍ഷത്തെ പദ്ധതി ആണെന്നും രാഹുല്‍ പറഞ്ഞു.
ബിജെപിയുടെ ഏറ്റവും വലിയ ആസ്തി രാഹുല്‍ ഗാന്ധിയാണെന്ന് അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളോടുള്ള പ്രതികരണമായി ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു. അദ്ദേഹം സ്വയവും പാര്‍ട്ടിയേയും പരിഹസിക്കുന്നുവെന്നും പൂനവാല പറഞ്ഞു.
ഗുജറാത്തില്‍ വിജയിക്കാന്‍ സാധിക്കുകയില്ലെന്ന് രാഹുല്‍ സമ്മതിച്ചുവെന്നും പൂനവാല കൂട്ടിച്ചേര്‍ത്തു.


