
കോണ്‍ഗ്രസ് നേതാക്കള്‍ അന്‍വറുമായി സംസാരിക്കരുത്: വി ഡി സതീശന്‍
കോണ്‍ഗ്രസ് നേതാക്കളാരും പി വി അന്‍വറുമായി സംസാരിക്കാന്‍ പാടില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇന്നലെ രാത്രിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയ സാഹചര്യത്തിലാണ് സതീശന്റെ നിര്‍ദ്ദേശം.
അന്‍വറുമായി ചര്‍ച്ചയ്ക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും രാഹുല്‍ അന്‍വറിനെ കാണാന്‍ പോകാന്‍ പാടില്ലായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറുമായി കൂടിക്കാഴ്ച്ച നടത്തിയത് യുഡിഎഫ്, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ അല്ലെന്നും സതീശന്‍ വ്യക്തമാക്കി.
അന്‍വറുമായി ചര്‍ച്ച ഇല്ലെന്നാണ് മുന്നണി തീരുമാനമെന്നും അത് കണ്‍വീനര്‍ ഔദ്യോഗികമായി അന്‍വറെ അറിയിച്ചുവെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ചാല്‍ മുന്നണിയിലേക്ക് പരിഗണിക്കാമെന്ന് അന്‍വറിനോട് പറഞ്ഞുവെന്നും എന്നാല്‍ അന്‍വര്‍ പിറ്റേന്നും പഴയ കാര്യം ആവര്‍ത്തിച്ചതോടെ ചര്‍ച്ചയുടെ വാതില്‍ അടഞ്ഞുവെന്നും സതീശന്‍ വ്യക്തമാക്കും. മുന്നണിയെടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും സതീശന്‍ ഉറപ്പിച്ചു പറഞ്ഞു.


