
ഡിവൈഎഫ്ഐയുടെ സ്റ്റാര്‍ട്ടപ്പ് പരിപാടിയിലേക്ക് കോണ്‍ഗ്രസ് എംപി ശശി തരൂരിന് ക്ഷണം
കേരളത്തിന്റെ വ്യവസായ, സ്റ്റാര്‍ട്ടപ്പ് രംഗത്തെ മുന്നേറ്റത്തെ പ്രശംസിച്ച് ലേഖനം എഴുതി രാഷ്ട്രീയ വിവാദം സൃഷ്ടിച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിനെ ഡിവൈഎഫ്ഐ നടത്തുന്ന സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലിലേക്ക് ക്ഷണിച്ചു. ഡല്‍ഹിയിലെത്തിയാണ് ഡി വൈ എഫ് ഐ നേതാക്കള്‍ തരൂരിനെ ക്ഷണിച്ചത്.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി, കേന്ദ്ര കമ്മിറ്റി അംഗം എം ഷാജര്‍, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എന്നിവരാണ് മാവോസോ എന്ന പേരില്‍ നടത്തുന്ന പരിപാടിയിലേക്ക് ക്ഷണിച്ചത്.
മാര്‍ച്ച് ഒന്ന്, രണ്ട് തിയതികളില്‍ തിരുവനന്തപുരത്താണ് പരിപാടി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്ഘാടകന്‍. തന്നെ ക്ഷണിക്കാനെത്തിയ നേതാക്കളെ തരൂര്‍ ആശംസകള്‍ അറിയിച്ചു.
കേരളത്തിലെ വ്യവസായ വികസനത്തെ പ്രശംസിച്ച തരൂര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനം ഏറെ വിവാദമായിരുന്നു. കേരളം വ്യവസായ രംഗത്ത് നേടിയ പൊതു പുരോഗതി, സ്റ്റാര്‍ട്ടപ്പ് രംഗത്ത് സംസ്ഥാനം ലോകത്ത് തന്നെ മികച്ച പുരോഗതി നേടിയത്, നിക്ഷേപ സൗഹൃദ രംഗത്ത് ഒന്നാംസ്ഥാനം നേടിയത് എന്നിവയെ തരൂര്‍ പ്രശംസിച്ചിരുന്നു.
ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ശശി തരൂരിനെതിരെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശശി തരൂരിനെ വിളിപ്പിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.