
ലോകസഭയില്‍ രാഹുലിന് സംസാരിക്കാന്‍ അവസരം നിഷേധിച്ചു; പ്രതിഷേധവുമായി കോണ്‍ഗ്രസ്
ലോകസഭയില്‍ സംസാരിക്കാനുള്ള അവസരം സ്പീക്കര്‍ ഓം ബിര്‍ള നിഷേധിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോകസഭയുടെ പ്രവര്‍ത്തനം ജനാധിപത്യവിരുദ്ധമായ രീതിയിലാണെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്പീക്കര്‍ അവഗണിച്ചുവെന്നും രാഹുല്‍ പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും രാഹുല്‍ പറഞ്ഞു. മഹാകുംഭമേളയെക്കുറിച്ചും വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയെക്കുറിച്ചും സംസാരിക്കാനാണ് അനുവാദം ചോദിച്ചതെന്ന് രാഹുല്‍ പറഞ്ഞു.
താന്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ അനുവദിച്ചില്ലെന്നും ജനാധിപത്യത്തിന് ഇവിടെ ഇടമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ലോകസഭ പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് ഉപനേതാവ് ഗൗരവ് ഗോഗോയ്, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ് വിപ്പ് മാണിക്യം ടാഗോര്‍ അടക്കം 70 പേര്‍ സ്പീക്കറെ സന്ദര്‍ശിക്കുകയും സഭയില്‍ സംസാരിക്കാന്‍ രാഹുലിന് അവസരം നിഷേധിച്ച വിഷയം ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.
രാഹുല്‍ സഭയുടെ ചട്ടങ്ങള്‍ പാലിക്കണമെന്നും സഭയുടെ മാന്യത കാത്തുസൂക്ഷിക്കണമെന്നും ഓം ബിര്‍ള പറഞ്ഞു.
എന്നാല്‍ എന്തുകൊണ്ടാണ് സ്പീക്കര്‍ അത്തരമൊരു നിരീക്ഷണം നടത്തിയതെന്നത് വ്യക്തമല്ല.
ഈ സഭയില്‍ അച്ഛനും മകളും അമ്മയും മകളും ഭര്‍ത്താവും ഭാര്യയും അംഗങ്ങളാണെന്നും ഈ സാഹചര്യത്തില്‍ സഭയില്‍ അംഗങ്ങള്‍ പാലിക്കേണ്ട ചട്ടം 349 അനുസരിച്ച് പ്രതിപക്ഷ നേതാവ് പെരുമാറണമെന്നും സ്പീക്കര്‍ പറഞ്ഞു.
സ്പീക്കറുടെ മറുപടി കേട്ട രാഹുല്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഓം ബിര്‍ള സഭ പിരിച്ചുവിട്ടു. താന്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ അദ്ദേഹം ഓടിക്കളഞ്ഞുവെന്ന് രാഹുല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.