
കോണ്‍ഗ്രസ് മന്‍മോഹന്‍ സിങ്ങിനെ രാഷ്ട്രപതിയും പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയും ആക്കണമായിരുന്നു: മണിശങ്കര്‍ അയ്യര്‍
2012-ല്‍ രാഷ്ട്രപതി സ്ഥാനത്ത് ഒഴിവ് വന്നപ്പോള്‍ അക്കാലത്ത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ ആ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നിയോഗിക്കണമായിരുന്നുവെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കണമായിരുന്നുവെന്നും മണിശങ്കറുടെ ആത്മകഥയായ എ മാവെറിക് ഇന്‍ പൊളിറ്റിക്‌സില്‍ പറയുന്നു. 2012 മുതല്‍ 2017 വരെ പ്രണബ് ആയിരുന്നു ഇന്ത്യയുടെ രാഷ്ട്രപതി.
2012-ല്‍ പ്രധാനമന്ത്രി ഏതാനും കൊറോണറി ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. അദ്ദേഹം പൂര്‍ണമായും ശാരീരിക സൗഖ്യം വീണ്ടെടുത്തില്ല. അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ സാവധാനമാക്കി. ഇത് ഭരണത്തിലും പ്രതിഫലിച്ചു. അതേകാലയളവില്‍ തന്നെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും അസുഖ ബാധിതയായിരുന്നു. എന്നാല്‍ അതേക്കുറിച്ച് പാര്‍ട്ടി ഔദ്യോഗികമായി പറഞ്ഞിരുന്നില്ല.
അന്നാ ഹസ്സാരെയുടെ ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്റെ ബാനറില്‍ നടത്തിയ സമരം അടക്കമുള്ള വെല്ലുവിളികളെ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തുവെന്ന് മണിശങ്കര്‍ അയ്യര്‍ പറയുന്നു.
ഒരു സിഖുകാരനെ രാജ്യം പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്ന് മന്‍മോഹന്‍ സിങ്ങ് കരുതിയിരുന്നതായും മണിശങ്കര്‍ തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തുന്നു. 1998-ല്‍ മണിശങ്കര്‍ അയ്യര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിച്ച് കൊല്‍ക്കത്ത നോര്‍ത്ത്-വെസ്റ്റ് മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി അഭ്യര്‍ത്ഥിച്ചു. കൂടെ, മമത ബാനര്‍ജിക്ക് മന്‍മോഹനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ താല്‍പര്യമുള്ള കാര്യവും അദ്ദേഹത്തെ അറിയിച്ചു. താല്‍പര്യമില്ലെന്ന മറുപടിയാകും പറയുക എന്നാണ് മണിശങ്കര്‍ അയ്യര്‍ പ്രതീക്ഷിച്ചത്. എന്നാല്‍, മണിശങ്കറിന് പറയാനുള്ളതെല്ലാം ശ്രദ്ധാപൂര്‍വം കേട്ടശേഷം മന്‍മോഹന്‍ നല്‍കിയ മറുപടി ഒട്ടുംപ്രതീക്ഷിക്കാത്തത് ആയിരുന്നു. ഈ രാജ്യം ഒരു സിഖുകാരനെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്നാണ് മന്‍മോഹന്‍ നല്‍കിയ മറുപടി. സുവര്‍ണ ക്ഷേത്രത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സൈനിക നടപടിയും ഇന്ദിരാഗാന്ധിയുടെ വധത്തിനെ തുടര്‍ന്ന് അധികാരത്തിലെത്തിയ രാജീവ് ഗാന്ധിയുടെ ഭരണത്തിന്റെ ആരംഭത്തില്‍ സിഖുകാര്‍ക്കെതിരെ നടന്ന ആക്രമണവും സിഖ് സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുള്ള മുറിവിന്റെ പ്രതിഫലനമായിരുന്നു അതെന്ന് മണിശങ്കര്‍ പറയുന്നു.


