
ബിജെപി നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു; കോണ്‍ഗ്രസ് വക്താവ് അറസ്റ്റില്‍
അസമില്‍ മൂന്ന് ബിജെപി നേതാക്കള്‍ക്കെതിരായ കേസുകളുടെ തല്‍സ്ഥിതി ആരാഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് വക്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് വക്താവായ റീതം സിങ് മാര്‍ച്ച് 13നാണ് എക്‌സില്‍ പോസ്റ്റിട്ടതിന് അറസ്റ്റിലായത്.
2021ല്‍ ധമാജി ജില്ലയിലെ ഒരു ബലാല്‍സംഗ കേസില്‍ മൂന്ന് പ്രതികളെ കോടതി ശിക്ഷിച്ച വാര്‍ത്ത പങ്കുവച്ചുകൊണ്ട് അദ്ദേഹം ബിജെപി നേതാക്കളായ എംഎല്‍എ മനാബ് ദേഖ, മുന്‍ സംസ്ഥാന പ്രസിഡന്റ് ഭബേഷ് കലിത, മുന്‍ കേന്ദ്ര മന്ത്രി രാജന്‍ ഗൊഹയിന്‍ എന്നിവര്‍ക്കെതിരായ ക്രിമിനല്‍ കേസുകളുടെ തല്‍സ്ഥിതി ആരാഞ്ഞിരുന്നു.
നിയമം എല്ലാവര്‍ക്കും തുല്യമല്ലേ? എന്ന് ചോദിച്ചു കൊണ്ടാണ് സിങ് എക്‌സില്‍ പോസ്റ്റ് ചെയ്തത്. ഗുവഹാത്തിയിലെ വീട്ടില്‍നിന്നാണ് കോണ്‍ഗ്രസ് വക്താവിനെ അറസ്റ്റ് ചെയ്തത്. ദേഖയുടെ ഭാര്യ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
പൊലീസ് വാറന്റോ നോട്ടീസോ ഇല്ലാതെ വീട്ടിലെത്തിയതിന്റെ ഫോട്ടോകള്‍ സിങ് പോസ്റ്റ് ചെയ്തിരുന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പൊലീസ് വാറന്റ് നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സിങിനെ പൊലീസ് ക്രൂരമായി വലിച്ചിഴച്ചു കൊണ്ട് പോയിയെന്ന് അറസ്റ്റ് സമയത്ത് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ കോണ്‍ഗ്രസിന്റെ ലോകസഭയിലെ ഉപനേതാവ് ഗൗരവ് ഗോഗോയ് പറഞ്ഞു. സിങുമായി സംസാരിക്കാനും അനുവദിച്ചില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസ് കോണ്‍ഗ്രസ് വക്താവിനെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
ജനാധിപത്യത്തിന്റെ കൊലപാതകമാണ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാ എംപിയുമായ റിപുണ്‍ ബോറ പറഞ്ഞു.