സച്ചിന്‍ പൈലറ്റ് | Photo: PTI
സച്ചിന്‍ പൈലറ്റിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്സ്
രാജസ്ഥാനിലെ അശോക് ഗെഹ്ലലോട്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള സമരവുമായി മുന്നോട്ടു നീങ്ങുന്ന സച്ചിന്‍ പൈലിറ്റിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്സ്. രാജസ്ഥാനിലെ മുന്‍ ബിജെപി മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെ അഴിമതികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്നു (ചൊവ്വാഴ്‌ച്ച) മുതല്‍ നിരാഹാര സത്യഗ്രഹം തുടങ്ങാനിരിക്കെയാണ് പൈലറ്റിന് താക്കീതുമായി രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി സുഖവീര്‍ സിംഗ് രണ്‍ധാവ പ്രസ്‌താവനയിറക്കിയത്.
സ്വന്തം സര്‍ക്കാരിനെതിരെ പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യണം. മാധ്യമങ്ങളിലും പൊതുവേദികളിലുമല്ല. കഴിഞ്ഞ 5 മാസമായി രാജസ്ഥാന്റെ ചുമതല എനിക്കുണ്ട്. ഈയൊരു വിഷയം പൈലറ്റ് ഒരിക്കല്‍ പോലും ചര്‍ച്ച ചെയ്‌തിട്ടില്ല, രണ്‍ധാവ ഒരു പ്രസ്‌താവനയില്‍ പറഞ്ഞു. സച്ചിന്‍ പൈലറ്റുമായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ടെന്നും, അദ്ദേഹം കോണ്‍ഗ്രസ്സിന്റെ അനിഷേധ്യമായ സ്വത്താണെന്നും പറഞ്ഞ രണ്‍ധാവ എല്ലാ വിഷയങ്ങളും ശാന്തമായ അന്തരീക്ഷത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് പൈലറ്റിനോട് അഭ്യര്‍ത്ഥിച്ചതായും വെളിപ്പെടുത്തി.
പൈലറ്റ്-ഗെഹ്ലലോത്ത് മത്സരം
2018 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വിജയിച്ച് അശോക് ഗെഹ്ലലോത്ത് മുഖ്യമന്ത്രി ആയതുമുതല്‍ പൈലറ്റും ഗെഹ്ലലോത്തും തമ്മിലുള്ള ഭിന്നത
കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതൃത്വത്തിന് തലവേദനയാണ്. മുന്‍ കോണ്‍ഗ്രസ്സ് പ്രസിഡണ്ട രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുത്ത നേതാക്കളായി കരുതപ്പെട്ടവരായിരുന്നു പൈലറ്റും മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യയും. 2018-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സ് വിജയം നേടിയപ്പോള്‍ മുഖ്യമന്ത്രിമാരായി രാഹുല്‍ ബ്രിഗേഡിലെ പ്രധാനികളായ ഈ യുവ നേതാക്കളെ അവരോധിക്കുമെന്നു പരക്കെ കരുതിയിരുന്നു. എന്നാല്‍ അതിന് തടയിട്ട കോണ്‍ഗ്രസ്സിലെ സീനിയര്‍ നേതാക്കള്‍ മധ്യപ്രദേശില്‍ കമല്‍നാഥിനെയെും രാജസ്ഥാനില്‍ ഗെഹ്ലലോത്തിനെയും മുഖ്യമന്ത്രിമാരാക്കി.
കമല്‍ നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള ശീതസമരം 2020 മാര്‍ച്ചില്‍ സിന്ധ്യ കോണ്‍ഗ്രസ്സ് വിട്ട് ബിജെപയിലെത്തുന്നതിന് കാരണമായി. അതോടെ കമല്‍ നാഥിന്റെ മന്ത്രിസഭക്ക് ഭൂരിപക്ഷം നഷ്ടപ്പെടുകയും മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുകയും ചെയ്‌തു. സിന്ധ്യയുടെ ചുവട് പിടിച്ച് ഗെഹ്ലോത്തിന് എതിരെ പൈലറ്റ് പടയൊരുക്കം നടത്തിയെങ്കിലും മന്ത്രിസഭയെ താഴെയിറക്കാന്‍ വേണ്ട എംഎല്‍എ മാരെ സംഘടിപ്പിക്കുന്നതില്‍ വേണ്ടത്ര വിജയിച്ചില്ല. ഗെഹ്ലലോത്തിനെ കോണ്‍ഗ്രസ്സ് പ്രസിഡണ്ടായി അവരോധിച്ചുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കാനുള്ള ശ്രമം നടന്നുവെങ്കിലും അതില്‍ നിന്നും സമര്‍ത്ഥമായി അദ്ദേഹം ഒഴിഞ്ഞു മാറുകയും പൈലറ്റിന് എതിരെയുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്‌തു.
രാജസ്ഥാനില്‍ നിയമ സഭ തെരഞ്ഞെടുപ്പ് ഉടനെ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം വിലപേശല്‍ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പൈലറ്റിന്റെ അടവാണ് ഇപ്പോഴത്തെ സത്യഗ്രഹത്തിന്റെ പിന്നിലെന്നു വിലയിരുത്തപ്പെടുന്നു. വസുന്ധര രാജ സിന്ധ്യക്കെതിരായ സമരത്തിലൂടെ ബിജെപിക്ക് എതിരായ യഥാര്‍ത്ഥ നേതാവ് താനാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമം കൂടിയാണെന്നും കരുതപ്പെടുന്നു. എന്നാല്‍ നരേന്ദ്ര മോഡി-അമിത് ഷാ കൂട്ടുകെട്ടിന്റെ വലയത്തില്‍ വരാത്ത നേതാവായ വസുന്ധര രാജക്ക് എതിരായ സമരം അത്ര നിഷ്‌ക്കളങ്കമല്ലെന്നാണ് പൈലറ്റിന്റെ വിമര്‍ശകര്‍ അടക്കം പറയുന്നു. മോഡി-ഷാ കൂട്ടുകെട്ടിന്റെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണെന്നാണ് അവരുടെ പക്ഷം.
ജനുവരി 2024 ലാണ് രാജസ്ഥാനില്‍ നിയമസഭ തെരഞ്ഞെടുപ്പു വരിക. അതിന്റെ മുന്നോടിയായി സ്വന്തം സ്ഥാനം ഉറപ്പിക്കുന്നതിനായി പൈലറ്റിനെ പോലയുള്ള നേതാക്കള്‍ നടത്തുന്ന ഗിമ്മിക്കുകള്‍ ദേശീയതലത്തില്‍ ബിജെപി-ക്ക് എതിരെ ബദലുണ്ടാക്കുന്നതിനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങളെ ഒട്ടും സഹായിക്കുന്നതാവില്ല.