TMJ
searchnav-menu
post-thumbnail

TMJ Daily

കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗം; തണ്ടൊടിഞ്ഞ് താമര 

13 May 2023   |   3 min Read
TMJ News Desk

മൂന്നര പതിറ്റാണ്ടിലേറെയുള്ള പതിവു തെറ്റിച്ച് കര്‍ണാടകയില്‍ തുടര്‍ഭരണം നേടാമെന്ന ബിജെപി മോഹത്തിനു തിരിച്ചടി. 224 അംഗ സഭയില്‍ 136 സീറ്റില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചപ്പോള്‍ 64 സീറ്റുകളിലാണ് ബിജെപിക്കു മുന്നിലെത്താനായത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് ആവശ്യം. ഇതോടെ ദക്ഷിണേന്ത്യയിലെ ഏക ഭരണസംസ്ഥാനം ബിജെപിക്ക് നഷ്ടമായി. ബിജെപിയും കോണ്‍ഗ്രസും ബലാബലം വന്നാല്‍ കിങ് മേക്കറായേക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ജെഡിഎസ് 20 സീറ്റിലൊതുങ്ങി. നാലിടത്ത് മറ്റുള്ളവരാണ് മുന്നില്‍. തീരദേശ കര്‍ണാടകയില്‍ മാത്രമാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാനായത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ 46,485 വോട്ടുകള്‍ക്ക് ലീഡ് നേടി. കര്‍ണാടക കോണ്‍ഗ്രസിനെ തുണച്ചപ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് ഡികെ ശിവകുമാറിനോടാണ്. വന്‍ വിജയം നേടിയതോടെ ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ദേശീയ ആസ്ഥാനം ഉള്‍പ്പെടെ രാജ്യത്തുടനീളം പടക്കംപൊട്ടിച്ചും നൃത്തംവച്ചും ആഹ്ലാദം പങ്കിടുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് അവസാനനിമിഷം ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ഹുബ്ബള്ളി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷെട്ടാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ മഹേഷ് തെങ്കിനക്കൈയോട് ദയനീയമായി പരാജയപ്പെട്ടു. മൂന്നു തവണ ഇതേ മണ്ഡലത്തില്‍നിന്ന് വിജയിച്ച ഷെട്ടാറിന് ഇത്തവണത്തെ തോല്‍വി അപ്രതീക്ഷിതമായിരുന്നു.

നിറംകെട്ട് മോദി പ്രഭാവം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണം നടത്തിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപിക്കായില്ല. കേവല ഭൂരിപക്ഷം കടന്നു മുന്നേറിയ കോണ്‍ഗ്രസിന് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും പിന്നിലേക്കു പോകേണ്ടി വന്നില്ല. ദേശീയ നേതാക്കളുടെ ശക്തമായ പ്രചാരണമാണ് ബിജെപി കര്‍ണാടകയില്‍ നടത്തിയത്. കഴിഞ്ഞ 38 വര്‍ഷമായി ഒരു പാര്‍ട്ടിക്കും കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ഈ പതിവ് പ്രചാരണത്തിലൂടെ മറികടക്കാനായിരുന്നു ബിജെപിയുടെ ശ്രമം

തിരഞ്ഞെടുപ്പില്‍ ബിജെപിയെ ബജ്‌റംഗ് ബലിയും തുണച്ചില്ല. അധികാരത്തിലെത്തിയാല്‍ വിധ്വംസക സംഘടനയായ ബജ്‌റംഗ് ദളിനെയടക്കം നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പരാമര്‍ശത്തെ ആയുധമാക്കാനായിരുന്നു ബിജെപി ശ്രമിച്ചത്. കോണ്‍ഗ്രസ് ഹനുമാന് എതിരാണെന്ന ബിജെപി പ്രചാരണവും ജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല.

ബിജെപിയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഈ തിരഞ്ഞെടുപ്പില്‍ കാര്യമായി രംഗത്തിറങ്ങാതിരുന്നതും തിരിച്ചടിയായി. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനും മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദിക്കും ബിജെപി ടിക്കറ്റ് നിഷേധിക്കുകയും ഇരു നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്ന് മത്സരരംഗത്തേക്ക് കടക്കുകയും ചെയ്തു. ബി.എസ് യെദ്യൂരപ്പ, മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സവദി എന്നിവര്‍ ലിംഗായത്ത് സമുദായത്തിന്റെ ഏറ്റവും വലിയ നേതാക്കളായിരുന്നു. ഇതും ബിജെപിക്ക് തിരിച്ചടിയായി.

കൈ പിടിച്ച് കര്‍ണാടക

സാമുദായിക സമവാക്യങ്ങളിലുണ്ടായ മാറ്റവും കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തുണയായി. പരമ്പരാഗതമായി ബിജെപിക്കൊപ്പം നിന്ന ലിംഗായത്ത് വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിനെ തുണച്ചു. ലിംഗായത്ത് ക്വാട്ടകളില്‍ ബിജെപിക്ക് തിരിച്ചടി കിട്ടി. 30 വര്‍ഷത്തിനു ശേഷമാണ് ലിംഗായത്തുകള്‍ കോണ്‍ഗ്രസിലേക്ക് ചാഞ്ഞത്. 1989 ല്‍ മുഖ്യമന്ത്രിയായിരുന്ന വീരേന്ദ്ര പാട്ടീലിനെ രാജീവ് ഗാന്ധി നീക്കംചെയ്തതോടെയാണ് ലിംഗായത്തുകള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നത്.

ജെഡിഎസും കോണ്‍ഗ്രസും ബിജെപിയും മാറിമാറി മുതിര്‍ന്ന നേതാക്കളെ ഇറക്കി ദിവസങ്ങളോളം പ്രചാരണം കൊഴുപ്പിച്ചിരുന്നു. കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദിയും അമിത് ഷായും അടക്കമുള്ളവര്‍ കന്നഡനാട്ടില്‍ പ്രചാരണം കാഴ്ചവച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയാകട്ടെ, കര്‍ണാടകയിലെ ജനങ്ങളുടെ പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് പ്രചാരണ മേഖലയില്‍ സജീവമായത്.

സംവരണ കാര്‍ഡിറക്കിയും, വൈകാരിക ജനകീയ പ്രഖ്യാപനങ്ങളുമായാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. എസ്‌സി സംവരണം 15 ശതമാനത്തില്‍ നിന്ന് 17 ആയും എസ്ടി സംവരണം മൂന്നില്‍ നിന്ന് ഏഴു ശതമാനമായും ഉയര്‍ത്തുമെന്ന പ്രഖ്യാപനം പത്രികയില്‍ ഇടംപിടിച്ചു. ലിംഗായത്ത്, വൊക്കലിംഗ വിഭാഗത്തെ പരിഗണിക്കുന്നതിനൊപ്പം മുസ്ലീം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയില്‍ അവകാശപ്പെട്ടത് കോണ്‍ഗ്രസിനു തുണയായി. 

സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യയാത്ര നല്‍കുന്ന സഖി സ്‌കീമും കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. കൂടാതെ, സൗജന്യ വൈദ്യുതി, കുടുംബനാഥയ്ക്ക് 2000 രൂപ പ്രതിമാസ ഓണറേറിയം, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഓരോ മാസവും 10 കിലോ വീതം ധാന്യം, തൊഴില്‍രഹിതരായ അഭ്യസ്തവിദ്യര്‍ക്ക് പ്രതിമാസ ധനസഹായം, സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര ഇത്തരത്തിലുള്ള കോണ്‍ഗ്രസിന്റെ ജനകീയ ഉറപ്പുകളും ജനങ്ങള്‍ വിശ്വാസത്തിലെടുത്തുവെന്നു വേണം കരുതാന്‍. അമുല്‍-നന്ദിനി വിവാദം കത്തിയപ്പോഴും കര്‍ണാടകയുടെ അഭിമാനം നന്ദിനി, നന്ദിനി ഈസ് ദി ബെസ്റ്റ് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തി. ഒരു ഘട്ടത്തില്‍ ബിജെപിയേക്കാള്‍ ഇരട്ടി സീറ്റുകളില്‍ ലീഡ് നേടാന്‍ കോണ്‍ഗ്രസിനായി. കോണ്‍ഗ്രസിന്റെ വോട്ടു ശതമാനത്തിലും നിര്‍ണായകമായ വര്‍ധനയുണ്ട്.

സിപിഎം ഏറെ പ്രതീക്ഷ പുലര്‍ത്തിയ ബാഗേപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ്എന്‍ സുബ്ബറെഡ്ഡിയാണ് ജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി സി മുനിരാജാണ് രണ്ടാം സ്ഥാനത്ത്. നിലവിലെ സിറ്റിങ്ങ് എംഎല്‍എയാണ് എസ്എന്‍ സുബ്ബറെഡ്ഡി. കഴിഞ്ഞ തവണ മണ്ഡലത്തില്‍ മൂന്നാമത് ആയിരുന്നു ബിജെപി. ജെഡിഎസിന്റെ ഉറച്ച മണ്ഡലമായ രാമനഗരിയില്‍ മുന്‍പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനും മുന്‍മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമി പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ എച്ച്എ ഇക്ബാല്‍ ഹുസൈനായിരുന്നു എതിരാളി. 2018 ല്‍ എച്ച്ഡി കുമാരസ്വാമിയെ രാമനഗര മണ്ഡലത്തില്‍ പരാജയപ്പെടുത്തിയതും ഹുസൈനായിരുന്നു.

മുഖ്യമന്ത്രി സ്ഥാനം തലവേദനയോ?

കോണ്‍ഗ്രസ് ചരിത്രവിജയം ഉറപ്പിച്ചതോടെ ആരാകും മുഖ്യമന്ത്രിയെന്ന ചര്‍ച്ചകളും സജീവമാണ്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രത്യേക മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നോട്ടുവച്ചിരുന്നില്ല. വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ കര്‍ണാടകത്തില്‍ വലിയ സ്വാധീനമുള്ള ഡികെ ശിവകുമാറും സിദ്ദരാമയ്യയും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചേക്കും. ഇതോടെ ഇരുവരും രണ്ടു ചേരികളാകാനും സാധ്യതകളുണ്ട്. ഏറെക്കാലമായുള്ള രണ്ടു നേതാക്കളുടെയും തര്‍ക്കം ഹൈക്കമാന്‍ഡിനും കീറാമുട്ടിയായേക്കും. അതേസമയം, സിദ്ദരാമയ്യയെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി മകന്‍ യതീന്ദ്ര സിദ്ദരാമയ്യ രംഗത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് വിജയിക്കുമ്പോള്‍ മുഖ്യമന്ത്രിയാകുന്നത് സിദ്ദരാമയ്യയോ, ഡികെ ശിവകുമാറോ എന്ന് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് യതീന്ദ്രയുടെ പ്രതികരണം.

 

 

#Daily
Leave a comment