TMJ
searchnav-menu
post-thumbnail

TMJ Daily

മണ്ഡല പുനര്‍നിര്‍ണയം: ഫെഡറല്‍ സംവിധാനത്തേയും ജനാധിപത്യത്തേയും അസ്ഥിരപ്പെടുത്തും: പിണറായി

22 Mar 2025   |   1 min Read
TMJ News Desk

ലോകസഭ മണ്ഡല പുനര്‍നിര്‍ണയം 2056 വരെ മരവിപ്പിക്കണമെന്ന് ചെന്നൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിളിച്ചു ചേര്‍ത്ത സംയുക്ത ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മണ്ഡല പുനര്‍നിര്‍ണയം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കും. ഇതിനായി എംപിമാര്‍ അടങ്ങുന്ന കോര്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി.

മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള കേന്ദ്രത്തിന്റെ നടപടികള്‍ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തേയും ജനാധിപത്യത്തേയും അസ്ഥിരപ്പെടുത്താനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊളോണിയല്‍ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന നീക്കമാണിതെന്നും ഇത് ഡെമോക്ലീസിന്റെ വാള്‍ പോലെ ഭീഷണി ഉയര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ കൂടാതെ തെലങ്കാന, പഞ്ചാബ് മുഖ്യമന്ത്രിമാരും കര്‍ണാടകയില്‍നിന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും സമ്മേളനത്തില്‍ പങ്കെടുത്തു. 13 രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുത്തു.

മണ്ഡല പുനര്‍നിര്‍ണയം നടത്തുമ്പോള്‍ തമിഴ്‌നാടിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും നഷ്ടമുണ്ടാകുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യയുടെ ഫെഡറലിസത്തിന്റെ അടിത്തറയ്ക്കുമേലുള്ള ആക്രമണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളുടെ നീക്കം മണ്ഡല പുനര്‍നിര്‍ണയത്തിന് എതിരല്ലെന്നും ന്യായമായ പ്രക്രിയയാണ് ആവശ്യപ്പെടുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഫലപ്രദമായ ജനസംഖ്യ നിയന്ത്രണത്തിലൂടെ ദേശീയ മുന്നേറ്റത്തില്‍ പങ്കുവഹിച്ച സംസ്ഥാനങ്ങളെ ശിക്ഷിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത യോഗം ഏപ്രിലില്‍ ഹൈദരാബാദില്‍ നടത്താന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പൊതുസമ്മേളനം നടത്തുമെന്ന് തെലങ്കാന കോണ്‍ഗ്രസ് പ്രസിഡന്റ് മഹേഷ് ഗൗഡ് പറഞ്ഞു. തെലങ്കാനയ്ക്കുണ്ടാകുന്ന നഷ്ടം സഹിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.


 

#Daily
Leave a comment