
ദേശീയ പാത 66 നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാകും; പിണറായിക്ക് ഗഡ്കരിയുടെ ഉറപ്പ്
ദേശീയ പാത 66ന്റെ നിര്‍മ്മാണം ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കി. ഇന്ന് ഡല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ദേശീയ പാത തകര്‍ന്ന വിഷയം ചര്‍ച്ചയായി.
മലപ്പുറത്ത് ദേശീയ പാത കൂരിയാട് തകര്‍ന്ന സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കൂടുതല്‍ പേര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പിണറായി വിജയന് ഗഡ്കരി ഉറപ്പ് നല്‍കി.
ദേശീയ പാത ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്തു.
പാത നിര്‍മ്മാണത്തിനായി സ്ഥലമേറ്റെടുക്കുന്നതിനായി കേരളം 6,000 കോടി രൂപ കേന്ദ്രത്തിന് നല്‍കിയിരുന്നു. മറ്റൊരു സംസ്ഥാനത്തിനും ഈ സാഹചര്യം ഉണ്ടായിട്ടില്ല. ഈ തുക കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍നിന്നും ഒഴിവാക്കണമെന്ന് പിണറായി വിജയന്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.
കേന്ദ്ര ധനകാര്യമന്ത്രാലയത്തോട് പലതവണ കേരളം ഈ ആവശ്യം ഉന്നയിച്ചുവെങ്കിലും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇതുവരേയും അക്കാര്യം അംഗീകരിച്ചിട്ടില്ല. അതിനാലാണ് പിണറായി ഗഡ്കരിയുടെ മുന്നില്‍ ഈ ആവശ്യം ഉന്നയിച്ചത്.


