
എല്‍സയില്‍ നിന്നുള്ള കണ്ടെയ്‌നര്‍ കൊല്ലത്ത് അടിഞ്ഞു
കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കല്‍ മൈല്‍ ദൂരെയായി കടലില്‍ മുങ്ങിയ ചരക്ക് കപ്പലായ എല്‍സയിലെ കണ്ടെയ്‌നര്‍ കൊല്ലത്ത് തീരത്തടിഞ്ഞു. കരുനാഗപ്പള്ളി ചെറീയഴീക്കല്‍ തീരത്താണ് കണ്ടെയ്‌നര്‍ അടിഞ്ഞത്. ഒരെണ്ണം കടല്‍ഭിത്തിയില്‍ ഇടിച്ച നിലയിലാണ്. കൊല്ലം കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ശനിയാഴ്ച്ച അപകടത്തില്‍പ്പെട്ട ലൈബീരിയന്‍ ചരക്കുകപ്പലായ എം എസ് സി എല്‍സ 3 ഇന്നലെയാണ് പൂര്‍ണമായും കടലില്‍ മുങ്ങിയത്. കപ്പലില്‍ നിന്നും നൂറോളം കണ്ടെയ്‌നറുകളാണ് കടലില്‍ വീണത്. ആകെ 640 കണ്ടെയ്‌നറുകള്‍ കപ്പില്‍ ഉണ്ടായിരുന്നു.
ആലപ്പുഴയിലെ ഒറ്റമശേരി തീരത്തിന് എല്‍സയില്‍നിന്നുള്ളതെന്ന് കരുതുന്ന ഒരു ഇരുമ്പ് ബാരലും അടിഞ്ഞിട്ടുണ്ട്.
കപ്പലിലെ കണ്ടെയ്‌നറുകളില്‍ 250 ടണ്‍ കാല്‍സ്യം കാര്‍ബൈഡും ഉണ്ടായിരുന്നു. ഇത് കണ്ടെയ്‌നറുകളിലേക്ക് ജലം കടന്നാല്‍ അസറ്റലീന്‍ വാതകം ഉണ്ടാകുകയും അത് സ്‌ഫോടനത്തിന് കാരണമാകുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.
കപ്പലില്‍നിന്നുമുള്ള എണ്ണം കടലില്‍ പരക്കുന്നത് തടയാനുള്ള ശ്രമം നടത്തുകയാണ്. എണ്ണപ്പാട തീരത്ത് എവിടെയുമെത്താം എന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും മീന്‍പിടിത്തം വിലക്കുകയും ചെയ്തിട്ടുണ്ട്.
എല്‍സ മുങ്ങിയ സഞ്ചാരപാതയ്ക്ക് സമീപത്തു കൂടി യാത്ര ചെയ്യാനിടയുള്ള കപ്പലുകള്‍ക്ക് തീര സംരക്ഷണ സേന സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ, കപ്പല്‍ കമ്പനിക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു.


