PHOTO: FACEBOOK
കോടതിയലക്ഷ്യക്കേസ്: മാപ്പ് പറഞ്ഞ് ബാബാ രാം ദേവ്; നിഷ്‌കളങ്കനല്ലെന്ന് കോടതി
പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറഞ്ഞ് ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണനും. തെറ്റ് പറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ബാബാ രാംദേവ് കോടതിയില്‍ പറഞ്ഞു. നിങ്ങള്‍ അത്ര നിഷ്‌കളങ്കരല്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പരസ്യമാപ്പ് പറയണമെന്നും കോടതി.
കോടതിയലക്ഷ്യ കേസില്‍ ഇരുവരും നേരിട്ടെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. ഹര്‍ജി പരിഗണിക്കവേ ഇരുവരോടും നേരിട്ടാണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്. കോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും ഇത് ലംഘിച്ചത് എന്തിനാണെന്ന് ഇരുവരോടും ചോദിച്ചു. നിരുത്തരവാദപരമായ പെരുമാറ്റത്തിനും കോടതി ഇരുവരെയും വിമര്‍ശിച്ചു.
ഗവേഷണം നടത്തിയാണ് മരുന്നുകള്‍ പുറത്തിറക്കിയതെന്ന് രംദേവ് കോടതിയില്‍ പറഞ്ഞു. കോടതിയലക്ഷ്യക്കേസില്‍ ജയിലിലടയ്ക്കാന്‍ കോടതിക്ക് ആകുമെന്നും മുന്നറിയിപ്പ് നല്‍കി. ഒന്നും ന്യായീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് രാംദേവ് മാപ്പ് പറഞ്ഞത്. നിയമത്തിന് മുന്നില്‍ എല്ലാവരും ഒരുപോലെ എന്ന് കോടതി പ്രതികരിച്ചു. കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. അന്ന് ഇരുവരും വീണ്ടും ഹാജരാകണമെന്നും നിര്‍ദേശം നല്‍കി. പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയതിന് ഉത്തരാഖണ്ഡ് സര്‍ക്കാരിനെയും സുപ്രീം കോടതി കുറ്റപ്പെടുത്തി.
ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്‌സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഏപ്രില്‍ 23ന് നടക്കുന്ന അടുത്തവാദം കേള്‍ക്കുന്നത്. പതഞ്ജലിയുടെ ലിപിഡോം ഒരാഴ്ചയ്ക്കുള്ളില്‍ കൊളസ്‌ട്രോള്‍ കുറച്ച് ഹൃദ്രോഗം, രക്തസമ്മര്‍ദം, പക്ഷാഘാതം എന്നിവയില്‍ നിന്ന് മോചനം നല്‍കുമെന്ന അവകാശവാദത്തിനെതിരെ മലയാളി ഡോക്ടറായ ബാബു കെവിയാണ് ആദ്യമായി കോടതിയെ സമീപിച്ചത്. 2022 ഫെബ്രുവരി 24 നാണ് പരാതി സമര്‍പ്പിച്ചത്. തുടര്‍ന്ന് പതഞ്ജലിക്കെതിരെ സമാനമായ അഞ്ചിലധികം പരാതികളും 150 ലധികം വിവരാവകാശ അഭ്യര്‍ത്ഥനകളും ഡോ. ബാബു ഫയല്‍ ചെയ്തു.