TMJ
searchnav-menu
post-thumbnail

TMJ Daily

ഡെഡ്‌ലൈൻ അവസാനിച്ചിട്ടും പൂർത്തിയാവാത്ത കരാറുകൾ

01 Aug 2025   |   2 min Read
TMJ News Desk

വ്യാപാര കരാറുകൾക്കായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നിശ്ചയിച്ച ആഗസ്റ്റ് 1 എന്ന അവസാന തീയതി കഴിഞ്ഞിട്ടും, അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ തീർപ്പിലെത്താതെ നിരവധി രാജ്യങ്ങൾ. അമേരിക്കയുടെ സഖ്യശക്തികളിൽ പ്രമുഖമായ തായ്‌വാൻ പോലും അമേരിക്കയുമായുള്ള ചർച്ചകൾ അന്തിമമാക്കിയിട്ടില്ലെന്ന് പ്രസിഡന്റ് ലായ് ചിങ്-ടെ പറയുന്നു.

സമയപരിധി അടുത്തതോടെ, 69 വ്യാപാര പങ്കാളികൾക്ക് ഏഴ് ദിവസത്തിനുള്ളിൽ 10% മുതൽ 41% വരെ ഉയർന്ന ഇറക്കുമതി തീരുവ നിരക്കുകൾ പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം അമേരിക്ക പുറത്തിറക്കി.  

തായ്‌വാന് 20% തീരുവ ചുമത്തി.

തായ്‌വാനിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഏപ്രിൽ തുടക്കത്തിൽ 32% തീരുവ ചുമത്തി, എന്നാൽ ട്രംപ് പിന്നീട് 90 ദിവസത്തെ താൽക്കാലിക വിരാമം പ്രഖ്യാപിച്ചു. പ്രഖ്യാപനം മുതൽ തായ്‌വാൻ വാഷിംഗ്ടണുമായി താരിഫ് ചർച്ചകളിലാണ്.

"വ്യാപാര ചർച്ചകളിൽ അന്തിമ തീരുമാനങ്ങളിൽ എത്തിയിട്ടില്ല," ചിങ്-ടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു, ഈ ഘട്ടത്തിൽ ചർച്ചകൾ "വിജയമോ പരാജയമോ" ആയിരുന്നോ എന്ന് നിർണ്ണയിക്കാൻ അനുയോജ്യമല്ലെന്ന് കൂട്ടിച്ചേർത്തു. ഇരുപക്ഷവും അന്തിമ കരാറിനടുത്തെത്തിയെന്നും തായ്‌വാൻ്റെ ഓഫറിന് നല്ല സ്വീകാര്യത ലഭിച്ചെന്നും ഒരു യുഎസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചു.

ട്രംപിൻ്റെ പുതിയ താരിഫ് റൗണ്ടിനെ തുടർന്ന് നിക്ഷേപകർ പ്രാദേശിക ആസ്തികളിൽ നിന്ന് പിന്മാറിയതോടെ ഏഷ്യൻ കറൻസികളിൽ ഭൂരിഭാഗവും മാസങ്ങളിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു.

ദക്ഷിണ കൊറിയയുടെ വോൺ ഓഹരികൾ വിറ്റഴിക്കലിൻ്റെ ആഘാതം ഏറ്റുവാങ്ങി. അമേരിക്കൻ ഡോളറിനെതിരെ 0.62% ഇടിഞ്ഞ് രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1,400.6 ആയി. മലേഷ്യയുടെ റിംഗിറ്റ് ജൂൺ 23ന് ശേഷമുള്ള ഏറ്റവും ദുർബലമായ നിലയിലെത്തി. ഫിലിപ്പൈൻ പെസോ, തായ്‌വാൻ ഡോളർ, തായ് ബാറ്റ് എന്നിവയെല്ലാം 0.3% ത്തിലധികം കുറഞ്ഞു.

വ്യാപാര കരാറിൻ്റെ അവസാന തീയതിക്ക് മുമ്പ് കാനഡ, ബ്രസീൽ, ഇന്ത്യ, തായ്‌വാൻ എന്നിവയുൾപ്പെടെ ഡസൻ കണക്കിന് രാജ്യങ്ങൾക്ക് പ്രസിഡന്റ് ട്രംപ് കുത്തനെ തീരുവ ചുമത്തി.

പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം കാനഡയിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങൾക്ക് 35%, ബ്രസീലിന് 50%, ഇന്ത്യയ്ക്ക് 25%, തായ്‌വാന് 20%, സ്വിറ്റ്‌സർലൻഡിന് 39% എന്നിങ്ങനെയാണ് ട്രംപ് നിരക്കുകൾ നിശ്ചയിച്ചത്.

സമയപരിധി അടുത്തതോടെ, 69 രാജ്യങ്ങൾക്ക് ഏഴ്ദി വസത്തിനുള്ളിൽ ആരംഭിക്കുന്ന 10% മുതൽ 41% വരെയുള്ള ഉയർന്ന ഇറക്കുമതി തീരുവ നിരക്കുകൾ നിശ്ചയിച്ചു. ലിസ്റ്റ് ചെയ്തിട്ടില്ലാത്ത മറ്റെല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സാധനങ്ങൾക്ക് 10% യുഎസ് ഇറക്കുമതി നികുതി ബാധകമാകും. നിരക്ക് കൂടുതലായിരിക്കുമെന്ന് ട്രംപ് മുമ്പ് പറഞ്ഞിരുന്നു.

വ്യാപാര കമ്മി കുറയ്ക്കാനും, ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനും ശ്രമിക്കുന്നതിനാലാണ് പുതിയ നിരക്കുകൾ എന്ന് അവകാശപ്പെടുന്ന ഭരണകൂടം കൂടുതൽ വ്യാപാര കരാറുകൾ പരിഗണനയിലാണെന്നും പറഞ്ഞു. 

#Daily
Leave a comment