
വിവാദ സ്വാമിയും പീഡനക്കേസിലെ പ്രതിയുമായ സന്തോഷ് മാധവന്‍ അന്തരിച്ചു
നിരവധി കേസുകളില്‍ പ്രതിയും ആള്‍ദൈവമെന്ന പേരില്‍ ശ്രദ്ധേയനുമായ സന്തോഷ് മാധവന്‍ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തില്‍ 16 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചയാളാണ് സന്തോഷ് മാധവന്‍. സാമ്പത്തിക തട്ടിപ്പുകേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. പിന്നീട് ജയില്‍ മോചിതനായി. ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കട്ടപ്പന സ്വദേശിയായ സന്തോഷ് മാധവന്‍ സ്വാമി അമൃത ചൈതന്യ എന്ന പേരിലാണ് അറിയപ്പെട്ടത്. ശാന്തീതീരം എന്ന പേരില്‍ സന്യാസാശ്രമവും ഇയാള്‍ നടത്തിയിരുന്നു. ആള്‍ദൈവമെന്ന പേരില്‍ ശ്രദ്ധേയനായ ഇയാള്‍ വഞ്ചനാക്കേസുകളിലും പീഡനക്കേസുകളിലും പ്രതിയായിട്ടുണ്ട്. ഗള്‍ഫ് മലയാളിയായ സ്ത്രീയില്‍ നിന്ന് 45 ലക്ഷം തട്ടിയ കേസിലും പ്രതിയാണ്. വിദേശ മലയാളിയാണ് ഇയാള്‍ക്കെതിരെ ആദ്യം പരാതി നല്‍കുന്നത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീടാണ് നഗ്നപൂജയെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം പീഡിപ്പിച്ച വാര്‍ത്ത പുറത്തുവരുന്നത്.