TMJ
searchnav-menu
post-thumbnail

TMJ Daily

രാജ്യം ഈറനണിഞ്ഞ നിമിഷം; ഒത്തൊരുമയുടെ രക്ഷാപ്രവര്‍ത്തനം

03 Jun 2023   |   2 min Read
TMJ News Desk

രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ ദുരന്തങ്ങളിലൊന്നായ ഒഡീഷയിലെ ബാലസോറില്‍ നടന്നത് ഒത്തൊരുമയുടെ രക്ഷാപ്രവര്‍ത്തനമാണ്. കഴിയുന്നത്ര ജീവനുകള്‍ രക്ഷിക്കുക എന്നതായിരുന്നു രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഓരോരുത്തരുടെയും ലക്ഷ്യം. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തം നടന്നത്. കൂറ്റന്‍ ക്രെയിനുകളും ബുള്‍ഡോസറുകളും കൊണ്ടുവന്നാണ് ബോഗിക്ക് അടിയില്‍പ്പെട്ട കോച്ചിനെ ഉയര്‍ത്തിയത്. 

ദുരന്തത്തില്‍ 250 ലധികം ആളുകള്‍ മരണപ്പെടുകയും 900 ത്തില്‍ അധികം പേര്‍ക്ക് പരുക്കേറ്റതായുമാണ് വിവരം. പരുക്കേറ്റവരില്‍ തൃശൂര്‍ സ്വദേശികളായ നാലു മലയാളികളുമുണ്ട്. ഗ്യാസ് കട്ടറുകളും ഇലക്ട്രിക് കട്ടറുകളുമുപയോഗിച്ച് കോച്ചുകള്‍ പൊളിച്ച് കയ്യില്‍ കിട്ടിയവരെയെല്ലാം പുറത്തെടുക്കാനായിരുന്നു രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ ശ്രമിച്ചത്. ദേശീയ ദുരന്ത നിവാരണ സേന, ഒഡീഷ സംസ്ഥാന പൊലീസ് സംഘം, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിലുടനീളം പങ്കാളികളായി. കൂടാതെ ഇന്ത്യന്‍ സൈന്യവും അണിനിരന്നിരുന്നു. ദുരന്തത്തെ തുടര്‍ന്ന് ഉന്നതതല അന്വേഷണത്തിന് റെയില്‍വെ ഉത്തരവിട്ടിട്ടുണ്ട്. 

രാജ്യത്തെ നടുക്കിയ ദുരന്തം

ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊല്‍ക്കത്തയിലെ ഷാലിമാറില്‍നിന്നു ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡല്‍ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു.

അപകടത്തില്‍പ്പെട്ട കൊല്‍ക്കത്ത-ചെന്നൈ കൊറമാണ്ഡല്‍ എക്‌സ്പ്രസില്‍ 1257 റിസര്‍വ്ഡ് യാത്രക്കാരും യശ്വന്ത്പുര്‍-ഹൗറ എക്‌സ്പ്രസില്‍ 1039 റിസര്‍വ്ഡ് യാത്രികരുമാണ് ഉണ്ടായിരുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ റിസര്‍വ് ചെയ്യാത്ത നിരവധി യാത്രക്കാരും ഇരു ട്രെയിനുകളിലും ഉണ്ടായിരുന്നു. അപകടം നടന്നതിന് സമീപത്തുള്ള അഞ്ചു ജില്ലകളിലെ ആശുപത്രികളിലാണ് പരുക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്. കൊറമാണ്ഡല്‍ എക്സ്പ്രസിന്റെ 12 കോച്ചും ബെംഗളുരു-ഹൗറ എക്സ്പ്രസിന്റെ നാലുകോച്ചും പാളം തെറ്റിയതായി റെയില്‍വേ വക്താവ് അമിതാഭ് ശര്‍മ അറിയിച്ചു. 

ആദ്യ അപകടത്തിനു ശേഷം അപായ മുന്നറിയിപ്പുകള്‍ ഫലപ്രദമാകാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. സിഗ്‌നലിംഗ് സംവിധാനം പാളിയതിനാല്‍ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നല്‍കാനും റെയില്‍വേക്ക് കഴിഞ്ഞില്ല.  അപകടത്തില്‍പ്പെട്ട യാത്രക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നല്കുമെന്നും അദ്ദേഹം അറിയിച്ചു. നിസാര പരിക്കേറ്റ യാത്രക്കാര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.


#Daily
Leave a comment