
Representational Image: Pexels
കൊറോണ വൈറസ് ചൈനയിലെ ലാബില്‍ നിന്നാകാം: ചൈനീസ് ശാസ്ത്രജ്ഞന്‍
കോവിഡ് വൈറസ് ചൈനയിലെ ലാബില്‍ നിന്ന് ചോര്‍ന്നതാകാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ചൈനയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) തലവനായിരുന്ന പ്രൊഫസര്‍ ജോര്‍ജ് ഗാവോ. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് ഗാവോയുടെ വെളിപ്പെടുത്തല്‍. കോവിഡ് മഹാമാരി നേരിടുന്നതിലും അതിന്റെ ഉത്ഭവം കണ്ടെത്താനുള്ള ശ്രമങ്ങളിലും പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം.
വുഹാനിലെ ലബോറട്ടറിയില്‍ നിന്നാണ് രോഗം ഉത്ഭവിച്ചതെന്ന വാദം ചൈന നേരത്തെ തള്ളിക്കളഞ്ഞിരുന്നു. 'നിങ്ങള്‍ക്ക് എപ്പോഴും എന്തും സംശയിക്കാം. അതാണ് ശാസ്ത്രം. എന്നാല്‍, ഒന്നും തള്ളിക്കളയരുതെന്നും' ജോര്‍ജ് ഗാവോ പറഞ്ഞു. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെക്കുറിച്ച് ഔപചാരിക അന്വേഷണം നടത്തിയിരുന്നുവെങ്കിലും തെറ്റായി ഒന്നും കണ്ടെത്തിയില്ല. വുഹാന്‍ ലാബില്‍ നിന്നാണ് വൈറസ് പുറത്തുപോയതെന്ന ആരോപണം ചൈനീസ് സര്‍ക്കാര്‍ ഗൗരവമായി എടുത്തിരുന്നുവെന്നും ഗാവോ കൂട്ടിച്ചേര്‍ത്തു. ആദ്യമായാണ് ചൈനയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു ഏറ്റുപറച്ചില്‍ ഉണ്ടായിരിക്കുന്നത്. ലോകത്തിലെ പ്രമുഖ വൈറോളജിസ്റ്റും ഇമ്യൂണോളജിസ്റ്റുമായ പ്രൊഫ. ഗാവോ കഴിഞ്ഞവര്‍ഷം സിഡിസി യില്‍ നിന്ന് വിരമിച്ചതിനുശേഷം ചൈനയിലെ നാഷണല്‍ നാച്ചുറല്‍ സയന്‍സ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ്.
തുടക്കം മുതല്‍ സംശയം ചൈനയെ
2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് കോവിഡ് വൈറസിന്റെ ഉത്ഭവം. മൃഗങ്ങളെ വില്‍പ്പന നടത്തുന്ന വുഹാനിലെ ചന്തയാണ് വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്നായിരുന്നു ആദ്യകാല പഠനങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ വൈറസുകളെക്കുറിച്ച് പഠനം നടത്തുന്ന വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ആസ്ഥാനവും വുഹാനിലാണ്. പിന്നീട് ഈ ലാബില്‍ നിന്നാകാം കൊറോണ വൈറസ് ചോര്‍ന്നതെന്ന സംശയം ഉയരുകയായിരുന്നു.
അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം ആദ്യം മുന്നോട്ടുവച്ചത്. എന്നാല്‍ പൊതുജനാരോഗ്യ വിദഗ്ധരും ചൈനയും ഈ ആരോപണത്തെ ശക്തമായി നിഷേധിച്ചു. പിന്നീട് പല ലോകരാജ്യങ്ങളും ചൈനയ്‌ക്കെതിരെ രംഗത്തുവരികയായിരുന്നു. കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താനുള്ള അന്വേഷണത്തോട് ചൈനീസ് സര്‍ക്കാരിന്റെ സഹകരണമില്ലായ്മയും ചൈനയെ സംശയനിഴലില്‍ നിര്‍ത്തുകയായിരുന്നു. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായതിനുശേഷം 2021 മെയ് മാസത്തില്‍ ഇന്റലിജന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടു. ലാബില്‍ നിന്നാണ് കൊറോണ വൈറസിന്റെ ചോര്‍ച്ചയുണ്ടായതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പെടെ നിരവധി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
2021 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന (WHO) യിലെ ഒരു സംഘം ഗവേഷകര്‍ വുഹാനിലെ ലാബില്‍ സന്ദര്‍ശനം നടത്തി. എന്നാല്‍ ആ സന്ദര്‍ശനത്തെ ചൈനീസ് സര്‍ക്കാര്‍ തടസ്സപ്പെടുത്തുകയും വുഹാന്‍ ലാബില്‍ അത്തരത്തില്‍ ചോര്‍ച്ചയ്ക്കുള്ള യാതൊരു സാധ്യതയുമില്ലെന്നും ചൈന പറഞ്ഞിരുന്നു.
ലോകത്തെ ഭീതിയിലാഴ്ത്തിയ രോഗാണു
കോവിഡ് വൈറസ് പുറത്തുവന്നത് എവിടുന്നാണെന്ന ചോദ്യം കോവിഡിന്റെ തുടക്കകാലം മുതല്‍ ഉയര്‍ന്ന ചോദ്യമാണ്. അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെയാണ് ആദ്യം മുതലേ വിരല്‍ചൂണ്ടിയത്. മനുഷ്യരാശിയെ ഏറ്റവുമധികം ഭീതിയിലാഴ്ത്തിയ രോഗാണുവായിരുന്നു കൊറോണ വൈറസ്. 69 ലക്ഷം മനുഷ്യരെയാണ് കോവിഡ് ഇതിനോടകം കൊന്നൊടുക്കിയത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്.
കോവിഡ് വൈറസ് തലച്ചോറുള്‍പ്പെടെ ശരീരത്തിലെ മുഴുവന്‍ ഭാഗങ്ങളെയും ബാധിക്കുമെന്ന് അടുത്തിടെ നടന്ന പഠനം വ്യക്തമാക്കുന്നു. രോഗബാധിതരില്‍ എട്ടു മാസത്തോളം വൈറസ് സാന്നിധ്യം നിലനില്‍ക്കും. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ ശേഖരിച്ച കോശങ്ങളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് പഠനം നടത്തിയത്. ശ്വാസനാളിയെയും ശ്വാസകോശ കലകളെയുമാണ് വൈറസ് ആദ്യം ബാധിക്കുന്നതും പരുക്കേല്‍പ്പിക്കുന്നതുമെന്നാണ് കണ്ടെത്തല്‍.
അതേസമയം, ചൈനയില്‍ കോവിഡിന്റെ പുതിയ വകഭേദം പൊട്ടിപുറപ്പെട്ടിരിക്കുകയാണെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'എക്സ്ബിബി' (XBB) എന്നറിയപ്പെടുന്ന വകഭേദത്തിന്റെ വ്യാപനത്തോത് ജൂണില്‍ കൂടുമെന്നും ഏകദേശം 650 ദശലക്ഷം ആളുകളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ തരംഗത്തെ ചെറുക്കുന്നതിനായി വാക്സിനുകള്‍ നല്കുന്നത് വേഗത്തിലാക്കിയിരിക്കുയാണ് അധികൃതര്‍.