
അഴിമതി; പെറുവിലെ മുൻ പ്രസിഡന്റിന് 20 വർഷം തടവ്
പെറുവിലെ മുൻ പ്രസിഡന്റ് അലജാൻഡ്രോ ടോളിഡോയെ 20 വർഷവും 6 മാസവും തടവിന് ശിക്ഷിച്ച് കോടതി. അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലാണ് ശിക്ഷ.
പെറുവിലെ തെക്കൻ പ്രദേശത്ത് റോഡ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് അഴിമതി കേസ്. കരാർ നൽകിയ ബ്രസീലിയൻ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് 35 മില്യൺ ഡോളർ കൈക്കൂലി വാങ്ങിയതായാണ് കേസ്. 2001 മുതൽ 2006 വരെയാണ് അലജാൻഡ്രോ പ്രസിഡന്റ് ആയിരുന്നത് .
കാലിഫോർണിയയിൽ നിന്നു അഞ്ച് വർഷം മുൻപാണ് അലജാൻഡ്രോയെ അറസ്റ്റ് ചെയ്തത്. തുടർന്ന് കഴിഞ്ഞ വർഷം പെറുവിന് കൈമാറുകയായിരുന്നു. കരാറുകൾ ലഭിക്കാൻ ലാറ്റിൻ അമേരിക്കയിലും യുഎസിലുമായി നിരവധി ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയിട്ടുണ്ടെന്ന് കൺസ്ട്രക്ഷൻ സ്ഥാപനമായ ഒഡെബ്രെക്റ്റ് സമ്മതിച്ചു.
പ്രസിഡന്റ് എന്ന നിലയിൽ പെറുവിലെ ജനങ്ങൾ അലജാൻഡ്രോയെ വിശ്വസിച്ചിരുന്നതായി ജഡ്ജി ഇനെസ് റോജസ് പറയുന്നു. പൊതുധനകാര്യം ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നും വിഭവങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ശരിയായ രീതിയിലാണ്
ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നുണ്ടെന്നും ജനങ്ങൾ വിശ്വസിച്ചു. എന്നാൽ ജനങ്ങളെ വഞ്ചിക്കുകയാണ് അലജാൻഡ്രോ ചെയ്തത്.
തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ അലജാൻഡ്രോ തള്ളിക്കളഞ്ഞു. 2019ൽ പെറുവിലെ മുൻ പ്രസിഡന്റ്മാരിൽ ഒരാളായ അലൻ ഗാഴ്സിയ്ക്ക് എതിരെയും ഇത്തരത്തിൽ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. ഒഡെബ്രെക്റ്റും ഉൾപ്പെട്ട ആ അഴിമതി കേസിൽ കുറ്റാരോപിതനായ അലൻ ഗാഴ്സിയയെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം വസതിയിലെത്തിയപ്പോൾ അലൻ സ്വയം വെടിവച്ചു മരിച്ചു.
പെറുവിലെ മുൻ പ്രസിഡന്റ്മാരായ പെഡ്രോ പാബ്ലോ കുസിൻസ്കി, ഒലാന്റ ഹുമാര എന്നിവരും ഒഡെബ്രെക്റ്റ് അഴിമതി കേസിൽ അന്വേഷണം നേരിടുന്നുണ്ട്.