TMJ
searchnav-menu
post-thumbnail

TMJ Daily

ചെലവ് കൂടുതലും ഫലം കുറവും, അൽഷിമേഴ്സ് മരുന്നിന് ധനസഹായം നിർത്തലാക്കി ഇംഗ്ലണ്ട്

24 Oct 2024   |   1 min Read
TMJ News Desk

ൽഷിമേഴ്സ് രോഗം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിനെ മന്ദ​ഗതിയിലാക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട ഡോണനെമാബ് എന്ന മരുന്നിന് പണം അനുവദിക്കേണ്ടതില്ലെന്ന് യുകെ നാഷണൽ ഹെൽത്ത് സർവ്വീസ് (എൻഎച്ച്എസ്). ചെലവേറിയ ഈ മരുന്ന്, അൽഷിമേഴ്സ് പൂർണമായി ഭേദമാക്കാൻ സഹായിക്കുന്നില്ല എന്നതാണ് തുക അനുവദിക്കാത്തതിന് പ്രധാന കാരണം.

അൽഷിമേഴ്സ് ചികിത്സയിൽ ഡോണനെമാബ് ഒരു വഴിത്തിരിവായി മാറിയിരുന്നതായി കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മരുന്ന് രോ​ഗികൾക്ക് കുറഞ്ഞ ഫലം മാത്രമേ നൽകുന്നുള്ളൂവെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് കെയർ എക്സലൻസ് പറഞ്ഞു. മരുന്നിന് വലിയ വില രോ​ഗികളിൽ നിന്നും ഈടാക്കുന്നത് മസ്തിഷ്ക വീക്കവും മസ്തിഷ്ക രക്തസ്രാവവും ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾ നിരീക്ഷിക്കുന്നതിനും ചെലവേറുന്നുണ്ട്. ഡോണനെമാബ് ഉപയോ​ഗിക്കുന്നതിലൂടെ ആളുകൾ പൂർണ്ണമായി സുഖം പ്രാപിക്കില്ല. അൽഷിമേഴ്സിനുള്ള പ്രതിവിധിയുമല്ല ഇത്. പക്ഷേ രോ​ഗം കൂടുതൽ ഗുരുതരമാകുന്നതിനെ ഇത് മന്ദ​ഗതിയിലാക്കുന്നുണ്ട്.

അൽഷിമേഴ്സിന് കാരണമാകുന്ന അമിലോയിഡ് എന്ന സ്റ്റിക്കി പ്രോട്ടീൻ മസ്തിഷ്കത്തിൽ നിന്ന് നീക്കം ചെയ്യാൻ ഈ മരുന്ന് സഹായിക്കുന്നു. പരീക്ഷണഘട്ടത്തിൽ തന്നെ ഡോണനെമാബ് അൽഷിമേഴ്സ് മന്ദ​ഗതിയിക്കാൻ സഹായകമാക്കുമെന്ന് വിലയിരുത്തിയിരുന്നു, ഇതാണ് മരുന്നിന് ഇത്ര പ്രാധാന്യം ലഭിക്കാൻ കാരണമായത്.

ഡോണനെമാബിന് അം​ഗീകാരം നൽകിയതും ലൈസൻസ് നൽകിയതും സേഫ്റ്റി റെ​ഗുലേറ്ററായ മെഡിസിൻസ് ആന്റ് ഹെൽത്ത്കെയർ പ്രൊഡക്റ്റ്സ് റെ​ഗുലേറ്ററി ഏജൻസി ആണ്. മരുന്നുകൾക്കായി തുക അനുവദിക്കുന്നതിന് എൻഎച്ച്എസിന് പരിധി നിലനിൽക്കുന്നില്ല. ഒരു മില്യൺ പൗണ്ട് വരെ ചെലവ് വരുന്ന ചികിത്സകൾക്ക് പോലും എൻഎച്ച്എസ് പണം നൽകുന്നുണ്ട്. മരുന്ന് എത്രത്തോളം ഫലം ചെയ്യുന്നുവെന്നത് കണക്കിലെടുത്ത് മാത്രമേ ഇവർക്ക് പണം അനുവദിക്കാൻ സാധിക്കൂ. നികുതിദായകർ നൽകുന്ന പണത്തിന് വേണ്ടത്ര ഫലം മരുന്ന് നൽകുന്നില്ലെന്നും എൻഎച്ച്എസ് സാധാരണ​ഗതിയിൽ അം​ഗീകാരം നൽകുന്ന മരുന്നുകളേക്കാൾ അഞ്ചോ ആറോ മടങ്ങ് ചെലവേറിയതാണ് ഡോണനെമാബ്.

ഇംഗ്ലണ്ട് എൻഎച്ച്എസ് ഈ മരുന്നിന് ഈടാക്കുന്ന തുക എത്രയെന്ന് വ്യക്തമല്ല. എന്നാൽ, യു എസ്സിൽ നിലവിൽ ഈ  മരുന്നിന് ഈടാക്കുന്ന വില 25,000 പൌണ്ടാണ്.  രോ​ഗിയ്ക്ക് ആവശ്യമായ പരിചരണം ലഭ്യമാക്കുന്നതിനുള്ള തുക, പാ‌‍ർശ്വഫലങ്ങൾ തിരിച്ചറിയാൻ നാല് ആഴ്ച കൂടുമ്പോൾ നടത്തുന്ന പരിശോധനകൾ എന്നിവയുടെ ചെലവുകൾ ഇതിന് പുറമെയാകും.



#Daily
Leave a comment