TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

കുതിക്കാനൊരുങ്ങി ചന്ദ്രയാന്‍-3; രാജ്യം പ്രതീക്ഷയില്‍ 

10 Jul 2023   |   2 min Read
TMJ News Desk

ജൂലൈ 14 ന് ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 വിക്ഷേപിക്കും. ഉച്ചയ്ക്ക് 2.35 ന് GSLV-Mk3 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. ചന്ദ്രോപരിതലത്തിലുള്ള രാസ, പ്രകൃതി മൂലകങ്ങള്‍, മണ്ണ്, ജലം എന്നിവയുടെ പര്യവേക്ഷണമാണ് ചന്ദ്രയാന്‍-3 ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യംവയ്ക്കുന്നത്. 

ചന്ദ്രയാന്‍ പര്യവേക്ഷണത്തോടെ ചന്ദ്രനില്‍ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി മാറാനൊരുങ്ങുകയാണ് ഇന്ത്യയെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയുടെ ബഹിരാകാശ വൈദഗ്ധ്യത്തില്‍ ഇത്രയധികം വര്‍ധനയുണ്ടായതിനുശേഷം, ചാന്ദ്രപര്യവേക്ഷണത്തില്‍ ഇന്ത്യയ്ക്കിനിയും പിന്നിലായി കാത്തിരിക്കാന്‍ കഴിയില്ല എന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ലോകം ഉറ്റുനോക്കുന്ന പര്യവേക്ഷണം

ചന്ദ്രയാന്‍-3 പര്യവേക്ഷണ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഐ.എസ്.ആര്‍.ഒ ട്വിറ്ററില്‍ പങ്കുവച്ച ദൃശ്യങ്ങള്‍. ചിത്രങ്ങള്‍ പ്രകാരം റോക്കറ്റ്, ലോഞ്ച് പാഡില്‍ സജ്ജീകരിച്ച് കഴിഞ്ഞു. ജൂലൈ 14ന് വിക്ഷേപിച്ച് ഓഗസ്റ്റ് 23ന് ചന്ദ്രോപരിതലത്തിലെത്തുന്ന രീതിയിലാണ് ക്രമീകരണം. ചന്ദ്രനിലെ സൂര്യോദയത്തെ ആസ്പദമാക്കിയാണ് ലാന്‍ഡിങ്. കണക്കുകൂട്ടലുകളില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ ലാന്‍ഡിങ് സെപ്റ്റംബറിലാക്കാനും സാധ്യതയുണ്ട്. 

ചന്ദ്രയാന്‍ ദൗത്യശ്രേണിയുടെ ഭാഗമായിട്ടുള്ള ചന്ദ്രയാന്‍-3 ലൂടെ, സോഫ്റ്റ് ലാന്‍ഡിങ് വഴി ചന്ദ്രോപരിതലത്തിലെത്തി ചേരാനാണ് ഐ.എസ്. ആര്‍. ഒ ലക്ഷ്യമിടുന്നത്. ഇതുമൂലം സോഫ്റ്റ് ലാന്‍ഡിംഗിലുള്ള ഇന്ത്യയുടെ കഴിവ് ലോകത്തിന് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനാകുമെന്നും കരുതുന്നു. ചന്ദ്രോപരിതലത്തിലുള്ള ലാന്‍ഡിങിന് ശേഷം, ആറ് ചക്രങ്ങളുള്ള റോവര്‍ പുറത്തുവരികയും, റോവറില്‍ ഘടിപ്പിച്ചിരിക്കുന്ന ഒന്നിലധികം ക്യാമറകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്താനും കഴിയും. 14 ദിവസമാണ് റോവറിന്റെ പ്രവര്‍ത്തന ദൈര്‍ഘ്യം. റോവറില്‍ ഘടിപ്പിച്ചിരിക്കുന്ന സോളാര്‍ പാനലുകള്‍ മുഖേനയാണ് പ്രവര്‍ത്തിക്കാനുള്ള ചാര്‍ജ് ലഭിക്കുന്നതെന്ന്, മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. നിലവിലെ പുരോഗതികളെ ആസ്പദമാക്കിയാല്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ ബഹിരാകാശ മേഖല ഒരു ട്രില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന സമ്പദ്‌വ്യവസ്ഥയായി തീരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ചന്ദ്രയാന്‍ ദൗത്യങ്ങള്‍

ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ചന്ദ്രയാന്‍-1, 2008 ഒക്ടോബര്‍ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രന്റെ കെമിക്കല്‍, മിനറോളജിക്കല്‍, ഫോട്ടോ-ജിയോളജിക്കല്‍ മാപ്പിംഗിനായി ചന്ദ്രോപരിതലത്തില്‍ നിന്ന്, 100 കിലോമീറ്റര്‍ ഉയരത്തില്‍ ചന്ദ്രനെ വലംവയ്ക്കുന്നതായിരുന്നു പേടകം. ഇന്ത്യ, അമേരിക്ക, യു.കെ, ജര്‍മനി, സ്വീഡന്‍, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ നിര്‍മിച്ച 11 ശാസ്ത്രീയ ഉപകരണങ്ങള്‍ പേടകത്തിലുണ്ടായിരുന്നു. ഉപഗ്രഹം ചന്ദ്രനു ചുറ്റും 3400-ലധികം ഭ്രമണപഥങ്ങള്‍ നടത്തുകയുണ്ടായി. 2009 ഓഗസ്റ്റ് 29-ന് പേടകവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതോടെ ദൗത്യം അവസാനിച്ചതായി പ്രഖ്യാപിക്കുകയാണുണ്ടായത്. ആസൂത്രണം ചെയ്ത രണ്ട് വര്‍ഷത്തിലെ 312 ദിവസം ചന്ദ്രയാന്‍-1 പ്രവര്‍ത്തിക്കുകയും ലക്ഷ്യങ്ങളുടെ 95% കൈവരിക്കുകയും ചെയ്തു. ചന്ദ്രനിലെ മണ്ണില്‍ ജലതന്മാത്രകളുടെ വ്യാപകമായ സാന്നിധ്യമാണ് ചന്ദ്രയാന്‍-1 ന്റെ ഏറ്റവും വലിയ കണ്ടെത്തല്‍.

ഐ.എസ്.ആര്‍.ഒ ചരിത്രത്തില്‍ ചന്ദ്രയാന്‍-2 ദൗത്യം മുന്‍ ദൗത്യങ്ങളെ അപേക്ഷിച്ച് വളരെ സുപ്രധാനവും സങ്കീര്‍ണവുമായിരുന്നു. ചന്ദ്രന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത മേഖലയായ, ദക്ഷിണധ്രുവം പര്യവേക്ഷണം ചെയ്യുന്നതിനായി ഒരു ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 22 ജൂലൈ 2019 ലാണ് ചന്ദ്രയാന്‍-2 വിക്ഷേപിച്ചത്. പക്ഷേ, സെപ്റ്റംബറില്‍ ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പ്പെട്ട വിക്രം ലാന്‍ഡറിന് ചന്ദ്രോപരിതലത്തില്‍ നിന്ന് 500 മീറ്റര്‍ അകലെ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് തകരുകയായിരുന്നു. ഇതിനുശേഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു. ഏഴു വര്‍ഷത്തെ ആയുസ്സായിരുന്നു ചന്ദ്രയാന്‍-2 ദൗത്യത്തിന് പ്രതീക്ഷിച്ചിരുന്നത്.


#Daily
Leave a comment