
ഇനി മത്സരിക്കണ്ടെന്ന് കോടതി, ഇവോ മൊറേൽസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ വിലക്ക്
ബൊളീവിയയിൽ ഗുരുവും ശിഷ്യനും തമ്മിലുള്ള രാഷ്ട്രീയ പോരിൽ പുതിയ പോർമുഖം തുറന്ന് കോടതി വിധി. ബൊളീവിയയിൽ കഴിഞ്ഞ കുറച്ചുകാലമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പുതിയ വഴിതുറക്കുകയാണ് മുൻ പ്രസിഡന്റ്. ഇവോ മൊറേൽസിനെ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടഞ്ഞു കൊണ്ടുള്ള ഭരണഘടനാ കോടതി വിധിയാണ് വന്നത്.
ബൊളീവിയയിൽ കുറച്ചുനാളുകളായി നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയെ പുതിയ ഘട്ടത്തിലേക്ക് നയിക്കുന്നതാകും ഈ വിധി. ഇത് ബൊളീവിയയിലെ രാഷ്ട്രീയത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കമിടുമെന്നതിൽ സംശയമില്ല എന്ന് പ്രതിപക്ഷ നേതാവായ മാർസെലോ പെദ്രസാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2025 ൽ ബാലറ്റിൽ ഇവോ മൊറേൽസ് ഇല്ലാതെ ഞങ്ങൾ തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബൊളീവിയയിൽ 13 വർഷം തുടർച്ചയായി പ്രസിഡന്റായിരുന്ന വ്യക്തിയാണ് ഇവോ മൊറേൽസ്. 2006 മുതൽ 2019 വരെ അദ്ദേഹം ബൊളീവിയയെ നയിച്ചു. മോവിമിയന്തോ യെൽ സോഷ്യാലിസമോ (മൂവേമെന്റ് ഫോർ സോഷ്യലിസം - MAS) എന്ന പാർട്ടിയുടെ പ്രതിനിധിയായാണ് അദ്ദേഹം പ്രസിഡന്റ് പദവിയിൽ ദീർഘകാലം തുടർന്നത്. അദ്ദേഹത്തിന്റെ തന്റെ മുൻ അനുയായിയും, പിന്തുണക്കാരനുമായ നിലവിലെ പ്രസിഡന്റ് ലൂയിസ് ആർസിനെതിരെ സ്ഥാനാർത്ഥിത്വത്തിനായി മത്സരിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചുനാളുകളായി മൊറേൽസും, ലൂയിസ് ആർസ് സർക്കാരും തമ്മിൽ ഇടഞ്ഞുനിൽക്കുകയാണ്. കഴിഞ്ഞ തവണ ലൂയിസ് ആർസ് മത്സരിക്കുമ്പോൾ അദ്ദേഹത്തെ ഇവോ മൊറേൽസ് പിന്തുണച്ചിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ചുനാളുകളായി ഇവോ മൊറേൽസും നിലവിലെ പ്രസിഡന്റായ ലൂയിസ് ആർസും തമ്മിൽ പരസ്പരം പോരിലാണ്.
ഇവോ മൊറേൽസിന്റെ അനുയായികൾ സൈനിക പോസ്റ്റ് ആക്രമിക്കുകയും, സൈനികരെ ബന്ദികളാക്കുകയും ചെയ്തതായി ബൊളീവിയൻ സർക്കാർ ആരോപിച്ചിരുന്നു. ലൂയിസ് ആർസ് സർക്കാർ നടപടികൾക്കെതിരെ മൊറേൽസ് നിരാഹാര സമരം നടത്തുകയും ചെയ്തു. എന്നാൽ, മൊറേസിന്റെ മോഹങ്ങളെ ഫലപ്രാപ്തിയിലെത്തിക്കാതിരിക്കാനുമായുള്ള നടപടികളുമായാണ് ലൂയിസ് ആർസോ സർക്കാർ മുന്നോട്ടുപോകുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ബൊളീവിയൻ ഭരണാഘടനാ കോടതി വിധി ഇവോ മൊറേൽസിന്റെ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള മോഹത്തിന് വഴിമുടക്കായി.പുതിയ കോടതി വിധിയിൽ തുടർച്ചയായോ, അല്ലാതെയോ രണ്ട് തവണ പ്രസിഡന്റായെങ്കിൽ പിന്നീട് മത്സരിക്കാൻ യോഗ്യതിയില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
ആദ്യ രണ്ട് തവണ മത്സരിച്ച ശേഷം, കോടതി വിധിയിലൂടെ മൊറേൽസിന് മൂന്നാം തവണയും പ്രസിഡന്റായി മത്സരിക്കാൻ അനുമതി ലഭിച്ചിരുന്നു. ഭരണഘടനാ പുതുക്കിയെഴുതുന്നതിന് മുമ്പായിരുന്നു അത്. 2019 ലെ തിരഞ്ഞെടുപ്പിൽ നാലാം തവണയും അദ്ദേഹം മത്സരിച്ചു. ഫലം വിവാദത്തിലാവുകയും, ബൊളീവിയയിൽ അശാന്തിപടരുകയും ചെയ്തതിന് പിന്നാലെ അദ്ദേഹം രാജ്യം വിട്ടു. ഇവോ മൊറേൽസ് പിന്തുണച്ച ലൂയിസ് ആർസ് 2020 ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.
കോടതിയുടെ വിധി രാഷ്ട്രീയ പ്രേരിതമാണെന്ന് മൊറേൽസിന്റെ അഭിഭാഷകൻ ഒർലാൻഡോ സെബല്ലോസ് പറഞ്ഞു. അവർ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത്? എംഎഎസിനെ ഒഴിവാക്കുക, ഇവോയെ അയോഗ്യരാക്കുക, അതാണ് കാര്യം, റേഡിയോ അഭിമുഖത്തിൽ സെബല്ലോസ് പറഞ്ഞു. ഈ വിഷയം ഉയർത്തി ഇന്റർ അമേരിക്കൻ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മൊറേൽസും ആർസും കഴിഞ്ഞ കുറേ ദിവസങ്ങളായി പരസ്പരം കൊമ്പുകോർക്കുകയാണ്. മൊറേൽസ് അനുകൂലികൾ റോഡ് തടയുക, സൈനികത്താവളങ്ങൾ ആക്രമിക്കുക എന്നിങ്ങനെയുള്ള പ്രതിഷേധ പ്രവർത്തനങ്ങൾ നടത്തുകയാണ്.
സർക്കാരുമായി സമാധാനപരമായ ചർച്ചകൾക്ക് മൊറേൽസ് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ മൊറേൽസിനോട് അടുപ്പം പുലർത്തുന്ന ജനപ്രതിനിധികൾ ബൊളീവിയൻ കോൺഗ്രസിൽ പ്രതിഷേധവുമായി രംഗത്തെത്തി. ലൂയിസ് ആർസ് നടത്താനിരുന്ന വാർഷിക പ്രസംഗത്തിന് മുമ്പ് വൈസ് പ്രസിഡന്റിന് നേരെ പൂക്കൾ എറിയുകയും, ആക്രോശിക്കുകയും ചെയ്തു കൊണ്ടായിരുന്നു അവരുടെ പ്രതിഷേധം. ഇതേതുടർന്ന് ആർസ് നടത്താനിരുന്ന വാർഷിക പ്രസംഗവേദി പ്രസിഡന്റിന്റെ വസതിയാക്കേണ്ടിവരികയും ചെയ്തിരുന്നു.


