TMJ
searchnav-menu
post-thumbnail

TMJ Daily

ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

04 Nov 2023   |   1 min Read
TMJ News Desk

ലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്‌സോ കോടതിയാണ് പ്രതി അസ്ഫാക് ആലം കുറ്റക്കാരനാണെന്ന് വിധിച്ചത്. ഇയാള്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി ജഡ്ജി കെ സോമന്‍ വ്യക്തമാക്കി. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ കുറ്റങ്ങള്‍, പ്രകൃതി വിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരം എന്നിങ്ങനെ 16 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. സാക്ഷിമൊഴികളുടെയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് അസ്ഫാക് ആലം കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. ശിക്ഷ നവംബര്‍ ഒന്‍പത്  വ്യാഴാഴ്ച പ്രഖ്യാപിക്കും.

റെക്കോഡ് വേഗത്തില്‍ അന്വേഷണം

പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ശിക്ഷ വിധിക്കുന്നതിനു മുന്‍പ് പ്രതിയുടെ മാനസികാരോഗ്യ റിപ്പോര്‍ട്ട് പരിഗണിക്കണമെന്ന് പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടു. 99 സാക്ഷികളാണ് കേസില്‍ മൊഴി നല്‍കിയത്. ജൂലൈ 28 ന് വൈകിട്ട് മൂന്നു മണിക്ക് ആലുവയിലെ വീട്ടില്‍ നിന്ന് പ്രതി അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടു പോവുകയും ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോടു ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തുവച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തിയ മൃതദേഹം ഉറുമ്പരിച്ച നിലയിലാണ് പൊലീസ് കണ്ടെടുത്തത്. കുറ്റകൃത്യം നടന്ന് 35 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. റെക്കോഡ് വേഗത്തിലാണ് കേസന്വേഷണവും വിചാരണയും നടന്നത്. 26 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. 

പ്രതിക്ക് വധശിക്ഷ നല്‍കണം എന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം. പരമാവധി ശിക്ഷ ലഭിക്കുന്നതുവരെ പോരാടും. പ്രതിയെ വെറുതേ വിട്ടാല്‍ വേറെ കുട്ടികള്‍ക്കും ഇതു സംഭവിച്ചേക്കാം. കൂടെ നിന്നവരോടു നന്ദിയുണ്ട് എന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

#Daily
Leave a comment