സഞ്ജീവ് ഭട്ട് | PHOTO: PTI
മയക്കുമരുന്ന് പിടികൂടിയ കേസില്‍ സഞ്ജീവ് ഭട്ട് കുറ്റക്കാരനെന്ന് കോടതി
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് 28 വര്‍ഷം മുന്‍പുള്ള കേസില്‍ കുറ്റക്കാരനെന്ന് ഗുജറാത്ത് പാലന്‍പുരിലെ സെഷന്‍സ് കോടതി. അഭിഭാഷകനെ ലഹരിമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന 1996 ലെ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. നിലവില്‍ 1990 ലെ കസ്റ്റഡിമരണ കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം ജയിലില്‍ കഴിയുകയാണ് സഞ്ജീവ് ഭട്ട്.
രാജസ്ഥാന്‍ സ്വദേശിയായ അഭിഭാഷകന്‍ സുമര്‍സിങ് രാജ്പുരോഹിത് താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയിരുന്നു. പിന്നീട് രാജസ്ഥാന്‍ പോലീസിന്റെ അന്വേഷണത്തില്‍ കേസ് വ്യാജമെന്ന് കണ്ടെത്തി. അന്ന് ബസ്‌കനന്ദ എസ്.പിയായ സഞ്ജീവ് ഭട്ടിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് ഇന്‍സ്പെക്ടറായ ഇന്ദ്രവധന്‍ വ്യാസ് പാലന്‍പൂര്‍ ഹോട്ടലില്‍ റെയ്ഡ് നടത്തിയതും അഭിഭാഷകന്റെ മുറിയില്‍ നിന്ന് 1.15 കിലോഗ്രാം ഒപിയം പിടിച്ചെടുക്കുകയും ചെയ്തതെന്നാണ് ആരോപണം.
പോലീസ് റെയ്ഡിനെതിരെ 1996 ഒക്ടോബറില്‍ കള്ളക്കേസെടുത്തെന്ന് ആരോപിച്ച് സുമര്‍ സിങ് മജിസ്ട്രേറ്റിന് പരാതികൊടുത്തു. രാജസ്ഥാനിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാനാണ് തനിക്കെതിരെ ലഹരിക്കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകന്റെ ഹര്‍ജിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ 2018 ല്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരേ സഞ്ജീവ് ഭട്ട് തെളിവ് നല്‍കിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിനെതിരായ കേസുകള്‍ സജീവമാക്കിയത്. നാര്‍ക്കോട്ടിക്സ് വകുപ്പുകള്‍, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഭട്ടിനെതിരേ തെളിഞ്ഞതായി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജെ.എന്‍. താക്കര്‍ വ്യക്തമാക്കി. പ്രതിക്ക് പരമാവധി ശിക്ഷയായ 20 വര്‍ഷം തടവ് വിധിക്കണമെന്ന് സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അമിത് പട്ടേല്‍ ആവശ്യപ്പെട്ടു.