
എംഎഫ് ഹുസൈനിന്റെ പെയിന്റിങ്‌സ് ഗാലറിയില്‍ നിന്നും പിടിച്ചെടുക്കാന്‍ കോടതി ഉത്തരവ്
ഡല്‍ഹി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന എംഎഫ് ഹുസൈന്‍ വരച്ച ഹിന്ദു ദൈവങ്ങളുടെ പെയിന്റിങ്ങുകള്‍ പിടിച്ചെടുക്കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. ഹനുമാനും ഗണപതിയും നഗ്നയായ സ്ത്രീകള്‍ക്കൊപ്പമുള്ള പെയിന്റിങ്ങുകളാണ് പിടിച്ചെടുക്കാന്‍ ഉത്തരവിട്ടത്.
ഈ 'നിന്ദ്യമായ' പെയിന്റിങ്ങുകള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് അമിത സച്ച്‌ദേവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതിപാദിച്ചിരിക്കുന്ന വസ്തുതകളുടേയും സാഹചര്യങ്ങളുടേയും അടിസ്ഥാനത്തില്‍ അപേക്ഷ അനുവദിക്കുന്നുവെന്ന് പട്യാല ഹൗസ് കോടതിയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയ സഹില്‍ മോംഗ പറഞ്ഞു. ചിത്രങ്ങള്‍ പിടിച്ചെടുക്കാനും ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
2024 ഡിംസബര്‍ 4ന് ആര്‍ട്ട് ഗാലറിയിലെ 'നിന്ദ്യമായ' പെയിന്റിങ്ങുകളുടെ ഫോട്ടോകള്‍ എടുത്തുവെന്നും ഡിസംബര്‍ 9ന് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും അമിത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
എന്നാല്‍, ഡിസംബര്‍ 10ന് അന്വേഷണ ഉദ്യോഗസ്ഥനൊപ്പം ഗാലറി സന്ദര്‍ശിച്ചപ്പോള്‍ അവിടെ നിന്നും ആ ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നുവെന്നും ഒരിക്കലും ആ പെയിന്റിങ്ങുകള്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്ന് വാദിച്ചുവെന്നും അവര്‍ പറയുന്നു. ഡല്‍ഹി ആര്‍ട്ട് ഗാലറിക്കും അതിന്റെ ഡയറക്ടമാര്‍ക്കും എതിരെ ഹിന്ദു ദൈവങ്ങളുടെ നഗ്ന പെയിന്‍റിങ്ങുകള്‍ പ്രദര്‍ശിപ്പിച്ചതിന് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അമിത പറയുന്നു. ഡിസംബര്‍ 4 മുതല്‍ ഡിസംബര്‍ 10 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് സംരക്ഷിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും അവര്‍ പോസ്റ്റില്‍ പറയുന്നു.
ഇതേതുടര്‍ന്ന്, അവര്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎന്‍എസ്എസ്) വകുപ്പുകള്‍ 175 (3), 223, 94 പ്രകാരം കേസ് ഫയല്‍ ചെയ്യുകയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തുവെന്ന് കോടതിയില്‍ വിചാരണയില്‍ അറിയിച്ചു.