
കോടതി ഉത്തരവ് തള്ളി; ട്രംപ് വെനസ്വേലക്കാരെ നാടുകടത്തി
യുദ്ധകാല നിയമം ഉപയോഗിച്ച് വെനസ്വേലക്കാരെ നാടുകടത്തുന്നത് കോടതി തടഞ്ഞുവെക്കുമെന്ന ഉത്തരവ് വകവയ്ക്കാതെ അവരെ ട്രംപ് ഭരണകൂടം നാടുകടത്തി. വെനസ്വേലയിലെ ട്രെന്‍ ഡെ അരഗ്വ എന്ന മാഫിയ സംഘത്തില്‍ അംഗങ്ങളെന്ന് ആരോപിതരായ 200ല്‍ അധികം വ്യക്തികളെയാണ് യുഎസ് നാടുകടത്തിയത്. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, വാടക കൊലപാതകം എന്നിവയുമായി ബന്ധമുള്ള സംഘമാണ് ട്രെന്‍ ഡെ അരഗ്വ.
ഏലിയന്‍സ് എനിമീസ് ആക്ട് ഉപയോഗിച്ച് ഇവരെ നാടുകടത്തുന്നത് ജഡ്ജിയായ ജയിംസ് ബോസ്ബര്‍ഗ് കഴിഞ്ഞദിവസം തടഞ്ഞിരുന്നു. നടപടി നിര്‍ത്തിവയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ജഡ്ജിയുടെ അധികാര പരിധിയിലുള്ളതല്ലെന്ന് പറഞ്ഞ് ട്രംപ് നടപടിയുമായി മുന്നോട്ടു പോകുകയായിരുന്നു.
യുഎസ് മണ്ണില്‍ നിന്നും നാടുകടത്തിയ വിദേശ ഭീകരര്‍ നിറഞ്ഞ വിമാനത്തെ ഒരു നഗരത്തിലെ ഒരു ജഡ്ജിക്ക് നിയന്ത്രിക്കാനാകില്ലെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഫെഡറല്‍ കോടതിയുടെ അധികാര പരിധിയില്‍ പ്രസിഡന്റ് വിദേശകാര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ വരില്ലെന്ന് പ്രസ് സെക്രട്ടറി പറഞ്ഞു. എന്നാല്‍ ട്രംപിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും കീഴ്‌വഴക്കങ്ങള്‍ ഇല്ലാത്തതാണെന്നും പൗരാവകാശ നിയമ വിദഗ്ദ്ധര്‍ പറയുന്നു.