
യുഎസ് തീരുവകൾ നിയമവിരുദ്ധമെന്ന് കോടതി
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങൾക്ക് ഏര്‍പ്പെടുത്തിയ തീരുവക്കെതിരെ യുഎസ് അപ്പീല്‍ കോടതി. ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) പ്രകാരം മറ്റ് രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ തീരുവകൾ നിയമവിരുദ്ധമെന്ന് കോടതി വിധിച്ചു. വാഷിങ്ടണ്‍ ഡിസിയിലെ യുഎസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ ദി ഫെഡറല്‍ സര്‍ക്യൂട്ടാണ് വെള്ളിയാഴ്ച വിധി പ്രസ്താവിച്ചത്.
ഇക്കാര്യത്തിൽ ട്രംപ് ഭരണകൂടത്തിന് യുഎസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ അവസരം നൽകുന്നതിനാൽ നിലവിലെ തീരുവകള്‍ തുടരാന്‍ കോടതി അനുവദിച്ചു. താരിഫ് സംബന്ധിച്ച തീരുമാനം പ്രസിഡന്റിന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ലെവികള്‍ നിശ്ചയിക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസിനാണ് അധികാരമെന്നും കോടതി വിധിയില്‍ പറഞ്ഞു.
അതേസമയം കോടതി വിധിയെ വിമർശിച്ച് ട്രംപ് രംഗത്തെത്തി. വിധി വളരെ "പക്ഷപാതപരമായതാണെന്നും", "താരിഫുകൾ ഇല്ലാതായാൽ, അത് രാജ്യത്തിന് വലിയ ദുരന്തമായിരിക്കുമെന്നും" ട്രംപ് തന്റെ ട്രൂത് സോഷ്യലിൽ കുറിച്ചു.
ഐഇഇപിഎ ഉപയോഗിച്ച് ഇന്ത്യക്ക് മേൽ ഏര്‍പ്പെടുത്തിയ പകരച്ചുങ്കം നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചെങ്കിലും ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ തീരുവകള്‍ പിന്‍വലിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സ്റ്റീല്‍, അലുമിനിയം തുടങ്ങിയവയുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ തീരുവകള്‍ക്ക് ഈ കോടതി വിധി ബാധകമല്ല.


